കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഏറെ ആരാധകരുള്ള താരമാണ് പൃഥ്വിരാജ്. ഇന്ന് ഒരു പാൻ ഇന്ത്യൻ താരം കൂടിയാണ് പൃഥ്വിരാജ്.
ബേസിൽ ജോസഫും പൃഥ്വിരാജും ആദ്യമായി ഒന്നിച്ച ഗുരുവായൂരമ്പല നടയിൽ എന്ന പുതിയ ചിത്രം തിയേറ്ററിൽ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗുരുവായൂരമ്പല നടയിൽ.
നല്ല കഴിവുള്ള പുതിയ അഭിനേതാക്കളെ കാണുമ്പോൾ തനിക്ക് സന്തോഷം തോന്നാറുണ്ടെന്നും മലയാള സിനിമയിലെ ലെജൻഡ്സ് ഇപ്പോഴും ഉള്ളത് കൊണ്ടാണ് തന്നെ യുവ നടന്മാരുടെ കൂട്ടത്തിൽ പറയുന്നതെന്നും പൃഥ്വി പറയുന്നു. ഫിലിമി ബീറ്റിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഒരു പുതിയ ടാലെന്റെഡ് ആയിട്ടുള്ള അഭിനേതാവിനെ കാണുമ്പോൾ എനിക്കൊക്കെ വലിയ സന്തോഷമാണ്. നമുക്ക് ഒരാളും കൂടെ ആവുകയല്ലേ ഇൻഡസ്ട്രിയിൽ. ഇവരൊക്കെ ഭാവിയിൽ മലയാളത്തിലെ മെയിൻ താരങ്ങളായി വരട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.
മലയാള സിനിമയിൽ ലെജൻഡ്സ് ഇപ്പോഴും നിലനിൽക്കുന്നത് കൊണ്ട് എന്നെ ഇപ്പോഴും യങ്ങർ ജനറേഷനിൽ പെടുന്ന ഒരാളായിട്ടാണ് കാണുന്നത് എന്നാണ് എനിക്ക് തോന്നുന്നത്,’പൃഥ്വി പറയുന്നു.
കുരുതി എന്ന സിനിമ ചെയ്യുമ്പോൾ നസ്‌ലെന്റെ അഭിനയം താൻ ശ്രദ്ധിച്ചിരുന്നുവെന്നും അതിനെ കുറിച്ച് താൻ മുരളി ഗോപിയോട് പറഞ്ഞിരുന്നുവെന്നും പൃഥ്വി കൂട്ടിച്ചേർത്തു.
‘ആ ഞാൻ തന്നെ എത്രയോ ആളുകളെ കണ്ടിരിക്കുന്നു. ഇപ്പോൾ ടൊവിനോയാണെങ്കിലും അങ്ങനെ ഒരുപാട് പേരുണ്ടല്ലോ. ഇപ്പോൾ ഇതാ നസ്‌ലെൻ. എനിക്കിപ്പോഴും ഓർമയുണ്ട് കുരുതിയെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ മുരളി ( മുരളി ഗോപി) ജോയിൻ ചെയ്യുന്നതിന് മുമ്പ് ഞാൻ മുരളിയുമായി ഒരു ദിവസം സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു, നസ്‌ലെൻ എന്നൊരു പയ്യനുണ്ട്.
അവൻ മിടുക്കനാണ്. ഭാവിയിൽ വലിയ സ്റ്റാർ ആവുമെന്ന് തോന്നുന്നുവെന്ന്. ഇപ്പോൾ നസ്‌ലെൻ നല്ല പോപ്പുലറായ ഒരു യങ്ങ്സ്റ്റാർ ആയിട്ട് മാറിയില്ലേ,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About Malayalam Actors