പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിയും ബേസിലും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇത്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം സംവിധാനം ചെയ്ത വിപിന്‍ ദാസാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.
ഈയിടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രയ്ലർ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ട്രയ്ലറിൽ ഒരു സീനിൽ പൃഥ്വിരാജ് പറയുന്ന, ‘എന്റെ പെങ്ങളുടെ കല്യാണമാണ് നിങ്ങൾ എല്ലാവരും വരണം’ എന്ന ഡയലോഗ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
കുറച്ചുകാലം മുമ്പ് സോഷ്യൽ മീഡിയകളിലും. ട്രോൾ ഗ്രൂപ്പുകളിലും വലിയ ശ്രദ്ധ നേടിയ കായൽ എന്ന ഷോർട്ട് ഫിലിമിലെ ഒരു സീനിന്റെ റഫറൻസാണ് ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിലെ ഈ സീനെന്ന് ചില കമന്റുകൾ വന്നിരുന്നു. ഇതിനെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ്.
അങ്ങനെയൊരു സംഭവത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും വിപിൻ ദാസ് പിന്നീട് ആ സീൻ കാണിച്ചു തന്നെങ്കിലും തനിക്കതിൽ വലിയ തമാശ തോന്നിയില്ലെന്നും പൃഥ്വി പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ആ ഒരു സീൻ എടുക്കാൻ മറ്റൊരു ലൊക്കേഷനിലേക്ക് ഷിഫ്റ്റ് ചെയ്ത് ഫുൾ യൂണിറ്റ് അവിടെ പോയിട്ടാണ് എടുക്കുന്നത്. ഞാനപ്പോൾ വിപിനോട് ചോദിച്ചു, ഈയൊരു കട്ട് എടുക്കാൻ എന്താണ് ഇത്ര പ്രത്യേകതയെന്ന്.
അപ്പോൾ വിപിനാണ് എനിക്ക് കാണിച്ചു തരുന്നത്. വൈറലായ ഒരു സാധനമുണ്ട് എന്ന് പറഞ്ഞ് ആ ഫിലിം കാണിച്ചു തന്നു. സത്യം പറഞ്ഞാൽ വിപിൻ അത് കാണിച്ചു തരുമ്പോഴും ഒരു ചേച്ചി വന്ന് മോളുടെ കല്യാണം വിളിക്കുന്നു. അതിൽ എന്താണിത്ര തമാശ എന്നെനിക്ക് പിടി കിട്ടിയില്ല.