മലയാളത്തിലെ പോലെ തന്നെ അന്യഭാഷയിലും നിറഞ്ഞുനിൽക്കുന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. ഈയിടെ റിലീസായ പ്രശാന്ത് നീൽ – പ്രഭാസ് ചിത്രം സലാറിൽ വരദരാജ മന്നാർ എന്ന പ്രധാന കഥാപാത്രമായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് നിർമിച്ച സിനിമയാണ് സലാർ.
ആക്ഷൻ സിനിമകൾ നന്നായി വർക്ക് ആവണമെങ്കിൽ അതിൽ നല്ല രീതിയിൽ ഡ്രാമയും വേണമെന്നാണ് പൃഥ്വിരാജ് പറയുന്നത്.
പ്രേക്ഷകർ ആക്ഷനെക്കാളും അതിന് പിന്നിലുള്ള ഡ്രാമയാണ് ഓർത്തിരിക്കുകയെന്നും അതുകൊണ്ടാണ് പത്താൻ, ജവാൻ പോലുള്ള സിനിമകൾ വലിയ വിജയമായതെന്നും താരം ബോളിവുഡ് ഹങ്കാമയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ സലാറും അങ്ങനെയാണെന്ന് പൃഥ്വി പറയുന്നു.
‘ആക്ഷൻ നന്നായി വർക്ക് ആവുന്നത് കൊണ്ടാണ് സിനിമകൾ വിജയിക്കുന്നത് എന്നാണ് എല്ലാവരും വിചാരിക്കുന്നത്. എന്നാൽ അത് തെറ്റാണ്. കാരണം ഒരു ആക്ഷൻ സിനിമയിൽ വർക്ക് ആവുന്നത് ഡ്രാമയാണ്. ആക്ഷൻ സിനിമ വർക്ക് ആവണമെങ്കിൽ അതിനു പിന്നിലുള്ള ഡ്രാമയും വർക്ക് ആവണം.
ആക്ഷൻ എത്രത്തോളം മികച്ചതാണ് എന്ന് പ്രേക്ഷകർ ഓർത്തിരിക്കാൻ സാധ്യതയില്ല. നേരെ മറിച്ച് ആ ആക്ഷന് പിന്നിലുള്ള മോട്ടിവേഷൻ എന്താണെന്നാണ് ആളുകൾ നോക്കുക. ആളുകൾ ഒരിക്കലും നായകന്റെ ഒരു കിക്കിനെ കുറിച്ചോ ചാട്ടത്തെ കുറിച്ചോ സംസാരിക്കില്ല. അവർ പറയുക ആ ആക്ഷൻ സീനിന് തൊട്ട് മുമ്പുള്ള ബിൾഡ് അപ്പിനെ കുറിച്ചാണ്. അങ്ങനെയാണ് ഡ്രാമ വർക്ക് ആവുന്നത്.
2023 ൽ ഒരുപാട് ആക്ഷൻ സിനിമകൾ ഇറങ്ങി വലിയ വിജയമായി മാറിയിട്ടുണ്ട്. നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം അവിടെ ആക്ഷൻ അല്ല വർക്ക് ആയത്. നല്ല ഡ്രാമകളാണ്. നല്ല ആക്ഷൻ സീക്വൻസുകൾ ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന കാര്യമാണ്.
പക്ഷെ പത്താനും, ജവാനും, അനിമലുമൊക്കെ വലിയ വിജയമാവാൻ കാരണം അതിലെ ഡ്രാമ കൂടിയാണ്. സലാറും അങ്ങനെയൊരു സിനിമയാണ്,’പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About Importance Of Drama In Action Movies