മലയാളികൾ ഏവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം.
തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.
നജീബായി മാറാൻ പൃഥ്വിരാജ് നടത്തിയ ട്രാൻസ്ഫോർമേഷൻ മലയാളികളെല്ലാം ഏറെ അത്ഭുതത്തോടെയാണ് കണ്ടത്. കഥാപാത്രത്തിനായി രൂപമാറ്റം നടത്തിയ പൃഥ്വി കൊവിഡ് സമയത്ത് വീണ്ടും പൂർവസ്ഥിതിയിലേക്ക് വന്നിരുന്നു.
എന്നാൽ ചിത്രത്തിനായി വീണ്ടും ശരീരഭാരം കുറയ്ക്കുക എന്ന റിസ്ക്കി ടാസ്ക്കും ആ നടൻ ഏറ്റെടുത്തു. എന്നാൽ ട്രെയിലറിലും പോസ്റ്ററിലും കണ്ടത് മാത്രമല്ലായിരുന്നു പൃഥ്വിരാജ് ആടുജീവിതത്തിനായി ജീവിച്ചു തീർത്തത്.
താൻ ഏറ്റവും മെലിഞ്ഞ അവസ്ഥ സിനിമ കാണുമ്പോഴാണ് മനസിലാവുകയെന്ന് പൃഥ്വി പറയുന്നു. തനിക്ക് ഇനിയും മെലിയാൻ കഴിയും എന്ന ചിന്തയോടെയാണ് ഭാരം കുറച്ചു കൊണ്ടിരുന്നതെന്നും ആ സമയത്ത് അമ്മക്ക് തന്നെ കാണുന്നത് വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും പൃഥ്വി പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ആ സമയത്ത് എന്നെ കാണാൻ അമ്മയ്ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഞാൻ ഏറ്റവും മെലിഞ്ഞ അവസ്ഥ ഒരുപക്ഷെ നിങ്ങൾ സിനിമ കാണുമ്പോൾ ആയിരിക്കും കാണുക. കുറച്ച് കഴിയുമ്പോൾ ഇത്രയും മെലിഞ്ഞാൽ പോരെ ഇത് വല്ലാത്ത ട്രാൻസ്‌ഫോർമേഷൻ അല്ലേ എന്ന് ചോദിക്കുമ്പോഴും എന്റെ മനസിൽ എനിക്ക് കുറച്ചൂടെ പറ്റും, ഇനിയും ശ്രമിക്കാം എന്നുള്ള ചിന്തയായിരുന്നു.
തടി കുറക്കാനുള്ള എന്റെ പ്രൊസസ്സ് തീരുന്നത് മെലിഞ്ഞ എന്റെ ശരീരം ഷൂട്ട് ചെയ്ത് തീരുന്ന ദിവസമാണ്. ഷൂട്ടിങ് തീരുമ്പോഴും അത് പുഷ് ചെയ്ത് കൊണ്ടിരിക്കുക എന്നതാണ് എന്റെ മനസിലെ ഒരു പ്രൊസസ്സ് എന്ന് പറയുന്നത്.
Content Highlight: Prithviraj Talk About His Transformation In Aadujeevitham