മലയാളികളുടെ പ്രിയ നടനാണ് പൃഥ്വിരാജ് സുകുമാരൻ. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച പൃഥ്വിരാജ് ഇന്ന് ഒരു പാൻ ഇന്ത്യൻ നടനാണ്. മലയാളം പോലെ തന്നെ കോളിവുഡിലും ബോളിവുഡിലുമെല്ലാം തിരക്കുള്ള നടനാണ് താരം.
നടൻ എന്നതിലുപരി സംവിധായകൻ, നിർമാതാവ്, ഗായകൻ എന്നീ നിലകളിലും പൃഥ്വി കഴിവ് തെളിയിച്ചു കഴിഞ്ഞു. ലൂസിഫർ, ബ്രോ ഡാഡി എന്നീ ചിത്രങ്ങളിലൂടെ താനൊരു മികച്ച സംവിധായകനാണെന്ന് തെളിയിച്ച പൃഥ്വിയുടെ ഏറ്റവും പുതിയ ചിത്രം ഗുരുവായൂരമ്പല നടയിലാണ്. ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്.
ഇത്രയേറെ കാര്യങ്ങൾ ഒന്നിച്ച് ചെയ്യുമ്പോൾ ആരെങ്കിലും ഓക്കെയാണോ എന്ന് ചോദിക്കാറുണ്ടോ എന്നതിന് മറുപടി പറയുകയാണ് താരം.
തന്നോട് അങ്ങനെ ആരും ചോദിക്കാറില്ലെന്നും എന്നാൽ താൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതായി തോന്നാറില്ലെന്നും പൃഥ്വി പറഞ്ഞു. സ്കൈ ലാർക്ക് എന്റർടൈൻമെന്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നീ ഓക്കെയാണോയെന്ന് എന്നോട് ആരും അങ്ങനെ ചോദിച്ചിട്ടില്ല. സത്യത്തിൽ ഞാൻ അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതായി എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.
അത് ചിലപ്പോൾ കഴിവോ കഴിവ് കേടോ ആയിരിക്കും. ഇപ്പോൾ ഞാൻ ഗുരുവായൂരമ്പല നടയുടെ പ്രൊമോഷൻ മാത്രമാണല്ലോ ചെയ്യുന്നത്. ഇനി വൈകുന്നേരം എനിക്ക് എമ്പുരാന്റെ ജോലികളുണ്ട്. ആ സമയത്ത് ഞാൻ അത് ചെയ്യുന്നുണ്ട്.
ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നൊരു തോന്നൽ എനിക്ക് അങ്ങനെ വരാറില്ല. വെളിയിൽ ആളുകൾ വിചാരിക്കുന്ന പോലെ അത്രയും കാര്യങ്ങൾ ഞാൻ ഒരുമിച്ച് ചെയ്യുന്നില്ല എന്നാണ് ഞാൻ കരുതുന്നത്. അതൊക്കെ ഇത്തിരി ബിൽഡ് അപ്പ് ആണെന്ന് തോന്നുന്നു എനിക്ക്. തീർച്ചയായും ഇപ്പോൾ ഞാനൊരു സിനിമ സംവിധാനം ചെയ്ത് കൊണ്ടിരിക്കുകയാണ്. അതിന്റെ തിരക്കുകളുണ്ട്,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About his busyness in movies