രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ ഒരു മികച്ച തുടക്കം ലഭിച്ച മലയാളികളുടെ പ്രിയനടനാണ് പൃഥ്വിരാജ്.
നടൻ സുകുമാരന്റെ മകൻ എന്ന ലേബലിൽ മലയാള സിനിമയിലേക്ക് എത്തിയ പൃഥ്വി കരിയറിന്റെ തുടക്കത്തിൽ തന്നെ വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.
ലോഹിതദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചക്രത്തിൽ നായകനായി അഭിനയിക്കുമ്പോൾ താരത്തിന്റെ പ്രായം വെറും 22 ആണ്. ഭദ്രൻ, കമൽ, ശ്യാമപ്രസാദ് തുടങ്ങി ഇൻഡസ്ട്രിയിലെ മുൻനിര സംവിധായകരോടൊപ്പം സിനിമകളുടെ ഭാഗമായ പൃഥ്വി വാസ്തവം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടി.
എന്നാൽ കരിയറിന്റെ തുടക്കത്തിൽ തന്നെ ഇത്തരത്തിൽ ഒരു തുടക്കം ലഭിച്ചത് തന്റെ ഭാഗ്യം കൊണ്ടാണെന്ന് പൃഥ്വി പറയുന്നു. ആ സമയത്ത് ലോഹിതാദാസും ഭദ്രനുമെല്ലാം ഏത് സിനിമയിലേക്ക് വിളിച്ചാലും താൻ അഭിനയിക്കുമെന്നും വേഷമൊന്നും തനിക്ക് പ്രശ്നമല്ലെന്നും പൃഥ്വി പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു പൃഥ്വി.
‘ചക്രമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം, എന്റെ കരിയറിന്റെ ആ ഘട്ടത്തിൽ ലോഹിതദാസ് എന്ന് പറയുന്ന ജീനിയസ് ഒരു സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്നു. അതിനി ചക്രമല്ല എന്താണെങ്കിലും ഞാൻ ചെയ്യും.
ഭദ്രൻ സാർ എന്നെ ഒരു സിനിമയിൽ അഭിനയിക്കാൻ വിളിച്ചു. എന്നോട് കഥയൊക്കെ പറഞ്ഞു. എന്നാൽ കഥയൊന്നും പറഞ്ഞില്ലെങ്കിൽ പോലും ഞാൻ ചെയ്യുന്നുവെന്ന് തീരുമാനിച്ചു കഴിഞ്ഞു. കാരണം എനിക്കെന്തൊരു എക്സ്പീരിയൻസാണ് അതെല്ലാം.
ലോഹി സാറിന്റെ കൂടെയും ഭദ്രൻ സാറിന്റെ കൂടെയും കമൽ സാറിന്റെ കൂടെയുമെല്ലാം വർക്ക് ചെയ്തതാണ് എന്റെ കരിയറിന്റെ തുടക്കത്തിലെ ഏറ്റവും വലിയ കാര്യം. രഞ്ജിയേട്ടനാണ് എന്നെ ഇവിടെ പരിചയപ്പെടുത്തിയത്.
അന്നൊന്നും ഇത് വലിയ തീരുമാനമൊന്നുമല്ല. ഭാഗ്യം മാത്രമാണ്. അല്ലാതെ വേറെയൊന്നുമല്ല,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About His Beginning OF film Career