| Friday, 24th May 2024, 9:19 am

ആദ്യമായി എന്നോട് ഈ കഥ പറഞ്ഞത് മറ്റൊരു സംവിധായകനാണ്, അതും മൂന്ന് വർഷം മുമ്പ്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു വിവാഹവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളും കോര്‍ത്തിണക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രം തിയേറ്ററുകളില്‍ വിജയകരമായ പ്രദര്‍ശനം തുടരുകയാണ്. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം വിപിന്‍ സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയില്‍ ഒരു കോമഡി ഴോണറിലാണ് ഒരുക്കിയത്.

ചിത്രത്തില്‍ പൃഥ്വിരാജ്, ബേസില്‍ ജോസഫ് തുടങ്ങിയ മലയാളത്തിലെ വലിയൊരു താര നിര തന്നെ അണിനിരക്കുന്നുണ്ട്. ഇതിനോടകം 50 കോടി കളക്ഷന്‍ പിന്നിട്ട് പ്രേക്ഷക ശ്രദ്ധ നേടി കുതിക്കുകയാണ് ചിത്രം.

എന്നാൽ ചിത്രത്തിന്റെ കഥ താൻ മൂന്ന് വർഷം മുമ്പേ കേട്ടിരുന്നുവെന്നും അന്ന് മറ്റൊരു സംവിധായകനാണ് ഈ കഥ പറഞ്ഞതെന്നും പൃഥ്വിരാജ് പറയുന്നു. ജയ ജയ ജയ ജയഹേ ഇറങ്ങി വിജയമായതിന് ശേഷമാണ് വിപിൻ ദാസ് ഈ ചിത്രം ചെയ്യാമെന്ന് തീരുമാനിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയയോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘ഞാൻ സത്യത്തിൽ ആദ്യമായി ഈ കഥ കേൾക്കുമ്പോൾ ഇതിന്റെ സംവിധായകൻ വിപിൻ ദാസ് അല്ലായിരുന്നു. ദീപു ഈ സ്ക്രിപ്റ്റ് എന്നോട് പറയുമ്പോൾ അന്ന് ചർച്ചയിൽ ഉണ്ടായിരുന്നത് മറ്റൊരു സംവിധായകന്റെ പേരായിരുന്നു.

മറ്റൊരു സംവിധായകനൊപ്പമാണ് ദീപു എന്നെ ആദ്യം വന്ന് കണ്ടത്. അത് രണ്ട് മൂന്ന് വർഷങ്ങൾക്ക് മുമ്പാണ്. പിന്നീട് ആ പ്രൊജക്റ്റ്‌ നടക്കാതെ ആയി. പിന്നെ ജയ ജയ ജയ ജയഹേ റിലീസ് ആയതിന് ശേഷമാണ് വിപിൻ ഈ കഥ കേട്ടിട്ട് എന്നെ കോൺടാക്ട് ചെയ്യുന്നത്.

എനിക്ക് ഇഷ്ടമുള്ള കഥയാണെന്ന് അറിഞ്ഞു. ഇത് ഞാൻ ചെയ്യട്ടെ എന്ന് ചോദിച്ചു. സത്യത്തിൽ ഈ കഥ ആദ്യം ഞാൻ കേൾക്കുമ്പോൾ എന്റെ അടുത്ത് പറയുന്നത് ബേസിലിന്റെ കഥാപാത്രം ചെയ്യാനാണ്. എന്റെ കഥാപാത്രം മറ്റൊരു നടനായിരുന്നു.

അന്നെന്റെ മനസിൽ ഈ സിനിമയുടെ ഒരു ഫോർമുണ്ട്. വിപിൻ വന്നിട്ട് വിപിന്റെ ഒരു വലിയ രീതിയിലുള്ള കോൺട്രിബ്യൂഷൻ നടത്തി. അങ്ങനെ നടത്തിയ മാറ്റങ്ങളിൽ ഒന്ന് ഞാനാണ്. ബേസിലിന്റെ കഥാപാത്രത്തിന് പകരം ആനന്ദിന്റെ വേഷം ഞാൻ ചെയ്യുന്നു എന്നതാണ് പ്രധാന മാറ്റം. അതോടെ അത്രയും നാൾ ചിന്തിച്ചിരുന്ന സിനിമയിൽ നിന്ന് ടോട്ടലി വേറൊരു പടമായി അത് മാറി,’പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj Talk About Guruvayurambala Nadayil Movie

We use cookies to give you the best possible experience. Learn more