| Wednesday, 22nd May 2024, 5:07 pm

ഗുരുവായൂരമ്പല നടയിൽ ആ ചിത്രത്തിന്റെ രണ്ടാം ഭാഗമാണോയെന്ന് ഒരുപാടാളുകൾ ചോദിച്ചിരുന്നു: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു വിവാഹവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളും കോര്‍ത്തിണക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രം തിയേറ്ററുകളില്‍ വിജയകരമായ പ്രദര്‍ശനം തുടരുകയാണ്. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം വിപിന്‍ സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയില്‍ ഒരു കോമഡി ഴോണറിലാണ് ഒരുക്കിയത്.

ചിത്രത്തില്‍ പൃഥ്വിരാജ്, ബേസില്‍ ജോസഫ് തുടങ്ങിയ മലയാളത്തിലെ വലിയൊരു താര നിര തന്നെ അണിനിരക്കുന്നുണ്ട്. ഇതിനോടകം 50 കോടി കളക്ഷന്‍ പിന്നിട്ട് പ്രേക്ഷക ശ്രദ്ധ നേടി കുതിക്കുകയാണ് ചിത്രം.

ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നോട് ഒരുപാട് പേര് ഇത് ഗൃഹപ്രവേശം എന്ന ചിത്രത്തിന്റെ രണ്ടാഭാഗമാണെന്ന് ചോദിച്ചിട്ടുണ്ടെന്ന് പൃഥ്വി പറയുന്നു.

എന്നാൽ ഈ കഥ പശ്ചാത്തലം ഒരുപാട് സിനിമകളിൽ ഉണ്ടെന്നും ഗുരുവായൂരമ്പലനടയിൽ മറ്റൊരു ചിത്രമാണെന്നും പൃഥ്വി പറയുന്നു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു താരം.

‘കല്യാണം എന്നുള്ളതാണ് ഇതിന്റെ വലിയ ബാക്ക് ഡ്രോപ്പ്. ഈ കഥ പറയുന്ന പശ്ചാത്തലം ഈ കുടുംബത്തിൽ നടക്കുന്ന ഒരു കല്യാണമാണ്. ആ കല്യാണത്തിനിടയിൽ ഈ കഥാപാത്രങ്ങൾക്കിടയിൽ നടക്കുന്ന ഇമോഷണൽ റൈഡാണ് ചിത്രം. അതാണ് സത്യത്തിൽ കഥ.

ആനന്ദുവും വിനുവും തമ്മിലും അഞ്ജലിയും പാർവതിയും തമ്മിലും അതുപോലെ മുതിർന്ന കഥാപാത്രങ്ങൾക്കിടയിലെല്ലാം ഈ കഥാപാത്രങ്ങൾക്കിടയിലെ ബന്ധമുണ്ട്. ഈ ഒരു കല്യാണത്തിനിടയിലെ പത്ത് ദിവസത്തിനിടയിൽ എങ്ങനെ ഇത് മാറി മറിഞ്ഞു കല്യാണത്തിൽ ചെന്ന് കലാശിക്കുന്നു എന്നതാണ് കഥ.

പശ്ചാത്തലം മാത്രമാണ് കല്യാണം. അതേ പശ്ചാത്തലത്തിൽ ഒരു ആയിരം കഥ പറയാം. എന്നോട് ഒരുപാട് പേര് ചോദിച്ചിട്ടുണ്ട് ഈ ചിത്രം ഗൃഹപ്രവേശം എന്ന സിനിമയുടെ രണ്ടാംഭാഗമാണോയെന്ന്. അതിലും ജഗദീഷ് ഏട്ടനും രേഖ ചേച്ചിയുമാണല്ലോ. എന്നാൽ അതുമായിട്ട് ഒരു ബന്ധവുമില്ല ഗുരുവായുരമ്പല നടയിൽ,’പൃഥ്വിരാജ്.

Content Highlight: Prithviraj Talk About Grehapravesham Movie

We use cookies to give you the best possible experience. Learn more