Entertainment
ഞാൻ വർക്ക്‌ ചെയ്തതിൽ ഏറ്റവും നല്ല മ്യൂസിക് സെൻസുള്ള സംവിധായകരിൽ ഒരാൾ അയാളാണ്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 12, 06:44 am
Sunday, 12th May 2024, 12:14 pm

പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍.

പൃഥ്വിയും ബേസിലും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇത്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം സംവിധാനം ചെയ്ത വിപിന്‍ ദാസാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. തമിഴ് നടന്‍ യോഗി ബാബു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം മെയ് 16നാണ് തിയേറ്ററില്‍ എത്തുന്നത്.

ജയ ജയ ജയ ജയഹേ പോലെ കോമഡി ട്രാക്കിൽ ഒരുങ്ങുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ചിത്രത്തിലെ ഒരു സീൻ ഷൂട്ട് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ഓരോ സീനിനെക്കുറിച്ചും നല്ല ക്ലാരിറ്റിയുള്ള സംവിധായകനാണ് വിപിൻ ദാസെന്നും വിപിന്റെ മ്യൂസിക് സെൻസ് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും പൃഥ്വി പറയുന്നു. താൻ വർക്ക് ചെയ്തതിൽ ഏറ്റവും മ്യൂസിക് സെൻസുള്ള സംവിധായകരിൽ ഒരാളാണ് വിപിൻ ദാസെന്നും പൃഥ്വി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഹ്യൂമർ സിനിമകളിൽ പൂർണമായും ഒരു സംവിധായകനെ വിശ്വസിക്കുകയാണ് ഒരു നടൻ ചെയ്യുന്നത്. അതിൽ സംവിധായകന് എത്രത്തോളം ആത്മവിശ്വാസമുണ്ടോ അത്രത്തോളം നമ്മളും കോൺഫിഡന്റാവും എന്നതാണ് സത്യാവസ്ഥ.

ഈ ചിത്രത്തിൽ ഒരു സീനുണ്ട്. സിനിമ കാണുമ്പോഴേ ആ ഷോട്ട് എന്താണെന്ന് മനസിലാവുള്ളൂ. ആ സീൻ ഇങ്ങനെയാണെന്നും, ആ സീനിൽ എന്റെ ഓപ്പോസിറ്റ് നിൽക്കുന്ന ആൾ ഇങ്ങനെയാണ് നിൽക്കുന്നതെന്നും അതിന്റെ റീ റെക്കോർഡിങ്ങിൽ ഇങ്ങനെയൊരു പാട്ടാണ് വരാൻ പോവുന്നതെന്നുമെല്ലാം സംവിധായകൻ കൃത്യമായി പറയുമ്പോഴാണ് നമുക്ക് ആ സീനിനെ കുറിച്ച് ഒരു ഐഡിയ വരുക.

അത് പറയാൻ പറ്റുന്ന ഒരു സംവിധായകൻ ഉണ്ടാവണം സത്യത്തിൽ. അതല്ലാതെ സംവിധായകന് നമുക്കിപ്പോൾ എടുക്കാം എന്നിട്ട് നോക്കാം എന്നൊക്കെയാണെങ്കിൽ അത് ശരിയവായില്ല. എന്നാൽ വിപിൻ ആ കാര്യത്തിൽ കൃത്യമായ ക്ലാരിറ്റിയുള്ള ഒരാളാണ്.

വിപിന്റെ സെൻസ് ഓഫ് മ്യൂസിക് അമേസിങ്ങാണ്. എനിക്ക് ഒരുപാട് സംവിധായകരോടൊപ്പം വർക്ക്‌ ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതിൽ ഏറ്റവും നല്ല മ്യൂസിക് സെൻസുള്ള സംവിധായകരുടെ ലിസ്റ്റിൽ വിപിന്റെ പേര് ഞാനിനി എപ്പോഴും ഉൾപ്പെടുത്തും,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj Talk About Director Vipin Das