ആടുജീവിതത്തിലെ ആ ഷോട്ട് എടുക്കാൻ ബ്ലെസി സാർ വാശി കാണിച്ചു, ക്യാമറ ടീമിന് സമ്മതമല്ലായിരുന്നു: പൃഥ്വിരാജ്
Entertainment
ആടുജീവിതത്തിലെ ആ ഷോട്ട് എടുക്കാൻ ബ്ലെസി സാർ വാശി കാണിച്ചു, ക്യാമറ ടീമിന് സമ്മതമല്ലായിരുന്നു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th March 2024, 8:50 pm

ആടുജീവിതത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് നജീബായി വേഷമിട്ട പൃഥ്വിരാജ്. ചിത്രത്തിൽ ഒരു സീൻ യഥാർത്ഥ മണൽ കാറ്റിനിടയിൽ എടുത്തിട്ടുണ്ടെന്നും അത് സംവിധായകൻ ബ്ലെസിക്ക് നിർബന്ധമായിരുന്നുവെന്നും പൃഥ്വി പറയുന്നു.

ക്യാമറക്ക് കേടുപറ്റുമെന്ന് പറഞ്ഞപ്പോൾ, താൻ വേറെ ക്യാമറ വാങ്ങി നൽകാമെന്ന് ബ്ലെസി പറഞ്ഞെന്നും പൃഥ്വി കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഈ ബുക്ക്‌ വായിച്ചവർക്ക് അറിയാം ഇതിലൊരു സാൻഡ് സ്റ്റോമ് സ്വീകൻസുണ്ട്. അത് ഷൂട്ട് ചെയ്യാൻ വേണ്ടി ഒരുപാട് കാര്യങ്ങൾ സെറ്റ് ചെയ്തിരുന്നു.
എന്നാൽ ഞങ്ങൾക്ക് ഇടയ്ക്ക് കാലാവസ്ഥ മുന്നറിയിപ്പ് കിട്ടാറുണ്ട്. മണൽ കാറ്റിന് സാധ്യതയുള്ള ദിവസങ്ങളിൽ ഞങ്ങൾക്ക് ഷൂട്ട് ചെയ്യാൻ അനുവാദമില്ല. അങ്ങനെ ഷൂട്ട്‌ മുടങ്ങിയ ഒരുപാട് ദിവസങ്ങളുണ്ട്. എന്നാൽ ഞങ്ങൾക്ക് ഷൂട്ട് എടുക്കേണ്ട ഡേറ്റിനോട്‌ അടുത്ത് ഇതുപോലൊരു മുന്നറിയിപ്പ് കിട്ടി.

ഉടനെ ബ്ലെസി ചേട്ടൻ, എന്നാൽ പിന്നെ ഷൂട്ട്‌ ചെയ്താലോയെന്ന് ചോദിച്ചു. സ്വാഭാവികമായും ക്യാമറ ടീം, ക്യാമറ പുറത്തെടുക്കാൻ പറ്റില്ലായെന്ന് പറഞ്ഞു. ബ്ലെസി ചേട്ടന് പിന്നെ വാശിയായി. അതിന് ഞാൻ ഗ്യാരണ്ടി, ക്യാമറക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ വേറേ വാങ്ങിക്കാം എന്നെല്ലാം പറഞ്ഞു.

ഇപ്പോൾ നിങ്ങൾ സിനിമയിൽ കാണുന്ന മണൽ കാറ്റിന്റെ മുഴുവൻ രംഗങ്ങളും ഒറിജിനലാണെന്ന് ഞാൻ പറയുന്നില്ല. അതിൽ വി. എഫ്. എക്സ് ഉണ്ട്. സി.ജി.ഐ ഉണ്ട്. പക്ഷെ കുറച്ചധികം ഷോട്ടുകൾ ഒറിജിനൽ മണൽ കാറ്റിലാണ് ഷൂട്ട് ചെയ്തിട്ടുള്ളത്,’ പൃഥ്വിരാജ് പറയുന്നു.

ചിത്രത്തിലെ ഒരു സീനിൽ കാണിക്കുന്ന പാമ്പുകളുടെ ഷോട്ട് ഒറിജിനൽ പാമ്പുകളെ വെച്ചാണ് എടുത്തതെന്നും പൃഥ്വിരാജ് പറഞ്ഞു.

‘ഇതാരുടെ സിനിമയാണെന്ന് ഓർക്കണം. ഞങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്ന സീനിലുള്ളത് ഒറിജിനൽ പാമ്പുകളാണ്. വി.എഫ്.എക്സ് ഉപയോഗിച്ച് അതിന്റെ എണ്ണം കൂട്ടിയിട്ടുണ്ട്. ബ്ലെസിയോട് ചോദിക്കേണ്ടി വരും.

നാലോ അഞ്ചോ ഒറിജിനൽ പാമ്പുകളും അതിനെ വി. എഫ്. എക്‌സിൽ മൾട്ടിപ്ലൈ ചെയ്തിരിക്കുകയാണ്. ക്ലോസപ്പിലൊക്കെ കാണിക്കുന്നത് റിയൽ പാമ്പാണ്.

ഓരോ സിനിമയ്ക്കും ഓരോ നിമിത്തമുണ്ടല്ലോ. ഞങ്ങളുടെ ആർട്ട്‌ ഡയറക്ടർ പ്രശാന്ത് മാധവാണ് ഒരു അനിമൽ ട്രെയ്നറെ കണ്ടെത്തുകയും കൊണ്ടുവരികയും ചെയ്തത്.

Content Highlight: Prithviraj Talk About Blessy’s Film Making