|

ആടുജീവിതം ഇറങ്ങി കഴിഞ്ഞാലും എനിക്കങ്ങനെ ചിന്തിക്കാൻ കഴിയില്ല: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

സാധാരണ ഒരു ചിത്രത്തെ പോലെ ആടുജീവിതത്തെ തനിക്ക് കാണാൻ കഴിയില്ലെന്ന് പൃഥ്വിരാജ് പറയുന്നു. വർഷങ്ങളായി തന്റെ ജീവിതത്തിന്റെ ഭാഗമാണ് ആടുജീവിതതമെന്നും ചിത്രം റിലീസായി കഴിഞ്ഞാലും ആടുജീവിതത്തെ കുറിച്ചുള്ള ചിന്തകൾ അവസാനിക്കില്ലെന്നും പൃഥ്വി പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘സാധാരണ ഒരു വർഷമൊക്കെ നീണ്ടുനിൽക്കുന്ന സിനിമകളുടെ ഷൂട്ട്‌ കഴിഞ്ഞാൽ നമ്മൾ അതിൽ നിന്ന് പിന്നെ മുന്നോട്ട് പോവും. ആ കഥാപാത്രത്തിൽ നിന്നും നമ്മൾ മെല്ലെ മാറും. എന്നാൽ പത്തുപതിനാറ് വർഷമായി എന്റെ ജീവിതത്തിന്റെ ഭാഗമാണ് ആടുജീവിതം. ഞാൻ ആടുജീവിതം ചെയ്യുന്നുണ്ട് എന്നൊരു തോന്നലിലാണല്ലോ ഞാൻ ജീവിക്കുന്നത്.

ഇതിനിടയിൽ ആടുജീവിതത്തെ കുറിച്ച് ആരും സംസാരിക്കാത്ത, ആരും പറയാത്ത മാസങ്ങളും വർഷങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ അപ്പോഴൊക്കെ ഞാൻ ഇടയ്ക്ക് നജീബിനെ കുറിച്ച് ചിന്തിക്കാറുണ്ട്. ലോകത്തെ വേറേ ഏതേലും ഭാഗത്ത്‌, ഈ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ ചിലപ്പോൾ, നജീബ് ഈ സമയം എന്തായിരിക്കും ചിന്തിക്കുന്നുണ്ടാവുകയെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.

എനിക്ക് തോന്നുന്നില്ല ഈ സിനിമ റിലീസായാൽ, സിനിമ റിലീസായി ഇനി ചിന്തിക്കണ്ടായെന്ന് എന്റെ മനസ് എന്നോട് പറയുമെന്ന്. ഇനിയും ഒരു അഞ്ചുവർഷം കഴിഞ്ഞാൽ ഞാൻ ചിന്തിക്കും. ഇത്രയും കാലങ്ങൾ ഒരു സിനിമയ്ക്കും കഥാപാത്രത്തിനുമൊപ്പം സഞ്ചരിക്കുന്നതിന്റെ പ്രശ്നങ്ങളാണിതൊക്കെ.

സിനിമ ഇറങ്ങുന്ന മാർച്ച്‌ 28 എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് ഒരു അവസാനമാണെന്ന് ഞാൻ കരുതുന്നില്ല. എനിക്കങ്ങനെ ചിന്തിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj Talk About Adujeevitham Release