| Monday, 19th August 2024, 12:18 pm

ആടുജീവിതത്തിൽ എന്റെ കഥാപാത്രത്തിന് ദൈവവുമായി കണക്ഷൻ തോന്നിയെന്ന് ആ തമിഴ് നടൻ: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 54ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിറഞ്ഞ് നിന്നത് ആടുജീവിതം എന്ന സിനിമയാണ്. മികച്ച നടൻ, സംവിധായകൻ തുടങ്ങി ഒമ്പതോളം അവാർഡുകളാണ് ആടുജീവിതം സ്വന്തമാക്കിയത്.

മലയാളികൾക്ക് പുതിയ വായനാനുഭവം സമ്മാനിച്ച ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ബ്ലെസി ഒരുക്കിയ ആടുജീവിതം എന്ന ചലച്ചിത്രം. പ്രകടനത്തിലും അവതരണത്തിലും ഏറെ മികച്ച് നിന്ന ചിത്രം തീർച്ചയായും അവാർഡുകൾ സ്വന്തമാക്കുമെന്ന് പ്രേക്ഷകർക്ക് ഉറപ്പായിരുന്നു.

പൃഥ്വിരാജ് നേടുന്ന മൂന്നാമത്തെ സംസ്ഥാന അവാർഡാണിത്. മുമ്പ് വാസ്തവം, സെല്ലുലോയ്ഡ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് താരം അവാർഡ് നേടിയത്. ആടുജീവിതത്തിലെ തന്റെ പ്രകടനം കണ്ട് തമിഴ് നടൻ ചിമ്പു( സിലമ്പരസൻ ) വിളിച്ചതിനെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ്.

ഒരു സിനിമയിലെ കഥാപാത്രത്തിന് ഏതെങ്കിലുമൊരു സീനില്‍ ദൈവവുമായി കണക്ഷന്‍ തോന്നാറുണ്ടെന്നും അത്തരത്തില്‍ തന്റെ ഒരു കഥാപാത്രത്തെ കണ്ട് ത്രൂ ഔട്ടായി അങ്ങനെ തോന്നിയെന്ന് ചിമ്പു പറഞ്ഞെന്നും പൃഥ്വിരാജ് പറയുന്നു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമാ ഇന്‍ഡസ്ട്രിയിലെ പലരും എന്നെ വിളിച്ച് അഭിനന്ദിച്ചു. അതില്‍ പ്രധാനപ്പെട്ട ഒന്ന് ചിമ്പു (സിലമ്പരസന്‍) എന്നെ വിളിച്ച് പറഞ്ഞ കാര്യമാണ്. അയാള്‍ എന്നെ വിളിച്ച്, ‘ബ്രദര്‍, നമ്മള്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഏതെങ്കിലും ക്യാരക്ടര്‍ ചെയ്യുമ്പോള്‍ അതിലെ ഒരു പര്‍ട്ടിക്കുലര്‍ സീനിലോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു മൊമന്റിലോ ദൈവവുമായി ഡയറക്ട് കണക്ഷന്‍ ഫീല്‍ ചെയ്യും.


പക്ഷേ വേറൊരു ആക്ടറെക്കണ്ട് ആദ്യാവസാനം ദൈവവുമായി കണക്ഷന്‍ ഉണ്ടെന്ന് തോന്നിയത് ആടുജീവിതം കണ്ടപ്പോഴാണ്’ എന്നാണ് ചിമ്പു പറഞ്ഞത്. ഇതിന് മുമ്പ് എന്നോട് ആരും അങ്ങനെയൊരു അഭിപ്രായം പറഞ്ഞിട്ടില്ല.

മറക്കാന്‍ പറ്റാത്ത ഒരു അഭിപ്രായമായാണ് എനിക്കത് തോന്നിയത്,’ പൃഥ്വി പറഞ്ഞു.

Content Highlight: Prithviraj Talk About Actor Silambarasan

We use cookies to give you the best possible experience. Learn more