മലയാള സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
മലയാളത്തിൽ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീർത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
തന്റെ സിനിമയ്ക്കായി ഒരു വിട്ടുവീഴ്ച്ചയും ചെയ്യാൻ തയ്യാറാവാത്ത സംവിധായകനാണ് ബ്ലെസി. ആടുജീവിതത്തിൽ ഒട്ടകത്തിന്റെ ഒരു ഷോട്ട് ബ്ലെസി എടുത്തതിനെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ്. ചിത്രത്തിൽ താൻ മൃഗങ്ങളോട് യാത്ര പറയുന്ന ഒരു സീനുണ്ടെന്നും അതിൽ ഒരു ഒട്ടകത്തിന്റെ റിയാക്ഷന് വേണ്ടി ദിവസങ്ങളോളം ബ്ലെസി കാത്തിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. ആടുജീവിതത്തിന്റെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘ഞാൻ മൃഗങ്ങളോട് യാത്ര പറയുന്ന ഒരു സീനുണ്ട്. ആ സീൻ ഷൂട്ട് ചെയുമ്പോൾ ഞാൻ ഒട്ടകങ്ങൾക്ക് ഭക്ഷണമിട്ട് കൊടുത്തിട്ട് യാത്ര പറയുകയാണ് വേണ്ടത്. അപ്പോഴേക്കും ഒട്ടകങ്ങളുമായി ഹലോ, ഹായ് എന്ന ബന്ധമായിട്ടുണ്ട്. കാരണം അത്രയും നാളായിട്ടുണ്ടാല്ലോ.
ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഒട്ടകമുണ്ട്. കാണാൻ നല്ല ഭംഗിയുള്ള ഒരു കക്ഷി. പുള്ളിക്കാരനെയാണ് ഞങ്ങൾ ഈ ഷോട്ടിന് വേണ്ടി പിടിച്ച് നിർത്തിയിരിക്കുന്നത്. ഭക്ഷണം ഇട്ട് കൊടുത്തിട്ട് ഞാൻ പോവുകയാണ് എന്ന് പറയുകയാണ്. ഞാൻ പോവാടാ, ഇനി ഞാൻ വരില്ല എന്ന് പറയുന്ന എന്റെ ഷോട്ട് എടുക്കുകയാണ് ഒട്ടകത്തിന്റെ സജക്ഷനിൽ. കഴിച്ചുകൊണ്ടിരുന്ന ഒട്ടകം പെട്ടെന്ന് എഴുന്നേറ്റ് എന്നെ നോക്കി.
പക്ഷെ ബ്ലെസി സാർ ആണല്ലോ, അതുകൊള്ളാം ഇനി ഒട്ടകത്തിന്റെ ഒരു റിയാക്ഷൻ എടുക്കാമെന്ന് പറഞ്ഞു. തമാശ പറയുകയല്ല. എനിക്കോർമയുണ്ട് ഒരു ദിവസം മൂന്നര നാലുമണിക്കാണ് എന്റെ ഷോട്ട് എടുത്തത്. അതുകൊണ്ട് ആ ഒരു സമയത്ത് തന്നെ ഒട്ടകത്തിന്റെയും ഷോട്ട് എടുക്കണമല്ലോ. അല്ലെങ്കിൽ ലൈറ്റ് വേറേ ആയിരിക്കും. അങ്ങനെ എത്രയോ ദിവസങ്ങൾ ഞങ്ങൾ ഷോട്ട് നിർത്തിയിട്ട് ഒട്ടകത്തിന്റെ ഷോട്ടിനായി നിൽക്കും.
എനിക്ക് തോന്നുന്നത് ഒരു ഏഴോ എട്ടോ ദിവസം കഴിഞ്ഞിട്ടാണ് നിങ്ങൾ ഇപ്പോൾ കാണുന്ന ആ കണ്ണിന്റെ ഷോട്ട് കിട്ടിയിട്ടുള്ളത്. അങ്ങനെ ഈ സിനിമ ചിത്രീകരിക്കാൻ കഴിഞ്ഞു എന്നത് എനിക്ക് വലിയ അഭിമാനവും സന്തോഷവും തോന്നുന്ന കാര്യമാണ്,’ പൃഥ്വിരാജ് പറയുന്നു.
മാർച്ച് 28നാണ് ആടുജീവിതം തിയേറ്ററിൽ എത്തുന്നത്.വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. പൃഥ്വിരാജിനെക്കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് പ്രധാന താരങ്ങള്‍.
എ. ആർ. റഹ്മാനാണ് സംഗീതം. റസൂല്‍ പൂക്കുട്ടി സൗണ്ട് മിക്‌സിങ് നിര്‍വഹിക്കുന്നു. സുനില്‍ കെ.എസാണ് ഛായാഗ്രഹണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും
Content Highlight: Prithviraj Talk About A Shot In Aadujeevitham Movie