| Saturday, 23rd March 2024, 4:07 pm

ആടുജീവിതത്തിന്റെ റീ റെക്കോർഡിങ് ഒരു മാജിക്കാണ്, അത് സിനിമ കാണുമ്പോൾ മനസിലാവും: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് എ. ആർ. റഹ്മാനാണ്.

ചിത്രത്തിന്റെതായി ഇതുവരെ ഇറങ്ങിയ പാട്ടുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓസ്കാർ അവാർഡ് നേടിയ സമയത്താണ് റഹ്മാനെ കാണുന്നതെന്നും സിനിമയുടെ കാര്യം പറഞ്ഞപ്പോൾ തന്നെ റഹ്മാൻ ഓക്കെ പറഞ്ഞെന്നും പൃഥ്വി പറയുന്നു. ആടുജീവിതത്തിന്റെ റീ റെക്കോർഡിങ് ഒരു മാജിക്കാണെന്നും അത് സിനിമ കാണുമ്പോൾ മനസിലാവുമെന്നും പൃഥ്വി സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഒരു ആർട്ടിന്റെ സ്പെഷ്യൽ പീസ് നന്നായി മനസിലാക്കുന്ന ആളെയാണ് നമ്മൾ ജീനിയസെന്ന് വിളിക്കുന്നത്. റഹ്മാൻ സാർ ഒരു ജീനിയസ് ആയത് കൊണ്ടായിരിക്കാം ബ്ലെസി സാറുമായി ഒരു അര മണിക്കൂർ ഇരുന്നപ്പോൾ തന്നെ അദ്ദേഹം ഇത് ചെയ്യാമെന്ന് സമ്മതിച്ചു.

അന്നദ്ദേഹം ഓസ്കാറൊക്കെ കിട്ടിയിരിക്കുന്ന ഒരു സമയമാണ്. എല്ലാവരും റഹ്മാൻ സാറിന് വേണ്ടി ഓടി നടക്കുന്ന, കാത്തിരിക്കുന്ന സമയമാണ്. ഞങ്ങൾ റഹ്മാൻ സാറിനെ സമീപിക്കുന്നത് ഒരു പാട്ടും, ചിത്രത്തിന്റെ റീ റെക്കോർഡിങും ചെയ്യുക എന്ന ആവശ്യത്തോടെയാണ്. എന്നാൽ ഇന്നിപ്പോൾ സിനിമയിൽ നാല് പാട്ടുണ്ട്. ഒരു പ്രൊമോഷണൽ സോങ്ങുണ്ട്.

റീ റെക്കോർഡിങ്ങിന്റെ ഭാഗമായി സിനിമയ്ക്കുള്ളിൽ വേറേ ഒരുപാട് മ്യൂസിക്കുകളുണ്ട്. അദ്ദേഹം ഇതിന് വേണ്ടി മാത്രം രണ്ട് മ്യൂസിക് വീഡിയോയിൽ സ്വന്തമായി അഭിനയിച്ചു. അത് ഞങ്ങളെ ഷൂട്ട്‌ ചെയ്യാൻ സമ്മതിച്ചു. ഇതിനൊന്നും ഞങ്ങൾ അദ്ദേഹത്തിന് വേറേ എക്സ്ട്രാ പ്രതിഫലമൊന്നും കൊടുത്തിട്ടില്ല.

അദ്ദേഹത്തിന് ഈ സിനിമയോട് ഒരു അടുപ്പം തോന്നി. സ്പെഷ്യലായി എന്തോ ഉണ്ടാക്കാനുള്ള ശ്രമമാണ് ഈ ചിത്രമെന്ന് അദ്ദേഹത്തിന് തിരിച്ചറിയാൻ സാധിച്ചു. അദ്ദേഹം ആടുജീവിതത്തിന് നൽകിയ സംഭാവനകൾക്ക് ഞാനും ബ്ലെസി ചേട്ടനും മൊത്തം അണിയറപ്രവർത്തകരും ആജീവനാന്തം കടപ്പെട്ടിരിക്കുന്നു.

പാട്ടുകൾ ഇപ്പോൾ എല്ലാവരും വലിയ രീതിയിൽ ആഘോഷിക്കുന്നു. എന്നാൽ ഇതിന്റെ റീ റെക്കോർഡിങ് ഒരു മാജിക്കാണ്. അത് സിനിമ കാണുമ്പോൾ മനസിലാവും,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj Talk About A.R.Rahman And Aadujeevitham

We use cookies to give you the best possible experience. Learn more