| Tuesday, 30th November 2021, 2:34 pm

'ബിസ്‌കറ്റ് കിംഗ്' രാജന്‍ പിള്ളയുടെ ജീവിതം ഇനി സ്‌ക്രീനില്‍; ഹിന്ദി വെബ് സീരീസ് സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ പൃഥ്വിരാജ് വെബ് സീരീസ് സംവിധായകനാകുന്നു. ‘ബിസ്‌കറ്റ് കിംഗ്’ എന്നറിയപ്പെട്ടിരുന്ന രാജന്‍ പിള്ളയുടെ ജീവിതം ഹിന്ദിയില്‍ വെബ് സീരീസ് ആകുമ്പോള്‍ സംവിധായകനായും നടനായും പൃഥ്വി എത്തും.

മലയാളിയായ രാജന്‍ പിള്ള ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനുവേണ്ടി നിക്ഷേപം നടത്തിയാണ് വ്യവസായ ജീവിതം ആരംഭിച്ചത്. സിംഗപ്പൂരിലെ സാമ്പത്തിക കുറ്റങ്ങള്‍ക്ക് ഇന്ത്യയില്‍ തടവിലാക്കപ്പെട്ട രാജന്‍പിള്ള ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വെച്ച് മരണമടഞ്ഞു.

തുടര്‍ന്നുള്ള വിവാദങ്ങളും അന്വേഷണങ്ങളും ജയില്‍ പരിഷ്‌കരണത്തിന് വഴിവെച്ചു. രാജന്‍ പിള്ളയുടെ സംഭവബഹുലമായ ജീവിതമാണ് സീരീസില്‍ പറയുക.

‘മനുഷ്യജീവിതത്തിലെ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അസ്തിത്വം ഒരു നടനും സംവിധായകനും എന്ന നിലയില്‍ എന്നില്‍ എപ്പോഴും ഇടപഴകിയിട്ടുണ്ട്. ഈ കഥയില്‍ എല്ലാം ഉണ്ട്, ആഗ്രഹം, വിജയം, ഉന്നതമായ ജീവിതം, കോര്‍പ്പറേറ്റ് ശക്തിയുടെ പരമോന്നതത്തില്‍ നിന്നുള്ള ഒരു മനുഷ്യന്റെ വീഴ്ച, പിന്നെ ജയില്‍മുറിയിലേക്ക്..,’ പൃഥ്വിരാജ് പറഞ്ഞു.

ഇതെല്ലാം 47-ാം വയസിനുള്ളില്‍ ഒരു മനുഷ്യന്‍ ജീവിതത്തില്‍ സംഭവിച്ചതാണെന്നും അദ്ദേഹത്തിന്റെ കൗതുകകരവും സങ്കീര്‍ണ്ണവുമായ ജീവിതം ആവിഷ്‌കരിക്കുന്നത് രസകരമായിരിക്കുമെന്നും പൃഥ്വി പറഞ്ഞു.

യൂദ്‌ലി ഫിലിംസ് ആണ് രാജന്‍ പിള്ളയുടെ ജീവിതം സീരീസാക്കാനുള്ള അവകാശം വാങ്ങിയിരിക്കുന്നത്. ഏത് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാകും റിലീസ് ചെയ്യുക എന്നതടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ബ്രോ ഡാഡി എന്ന ചിത്രമാണ് പൃഥ്വിരാജ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്തത്. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

പൃഥ്വിരാജും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ പൃഥിരാജിന്റെ ജോഡിയായി എത്തുക.

നിലവില്‍ കടുവാക്കുന്നേല്‍ കുറുവാച്ചനിലാണ് പൃഥ്വി അഭിനയിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Prithviraj Sukumaran to act & direct a Hindi series based on India’s ‘Biscuit King’ Rajan Pillai

We use cookies to give you the best possible experience. Learn more