38ാം വയസുവരെ ഞാനായിരുന്നു യൂത്ത് ഐക്കണ്‍; എന്താണോ എന്തോ, ഒരു സുപ്രഭാതത്തില്‍ ആ അവാര്‍ഡ് കിട്ടാതെയായി: പൃഥ്വിരാജ് സുകുമാരന്‍
Entertainment
38ാം വയസുവരെ ഞാനായിരുന്നു യൂത്ത് ഐക്കണ്‍; എന്താണോ എന്തോ, ഒരു സുപ്രഭാതത്തില്‍ ആ അവാര്‍ഡ് കിട്ടാതെയായി: പൃഥ്വിരാജ് സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th May 2024, 1:28 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് സുകുമാരന്‍. താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിപിന്‍ ദാസാണ് സംവിധായകന്‍.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സ്‌കൈലാര്‍ക്ക് പിക്ചേഴ്സ് എന്റര്‍ടൈമെന്റ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് പൃഥ്വിരാജ്. ഇപ്പോള്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡൊന്നും കിട്ടുന്നില്ലല്ലോ, അതുവഴി താന്‍ കുറച്ച് മെച്ചുവേര്‍ഡ് ആയെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.

‘ഇല്ല, എനിക്ക് ഇപ്പോള്‍ യൂത്ത് ഐക്കണ്‍ കിട്ടുന്നില്ല. എന്താണോ എന്തോ. പ്രായമായി എന്നുള്ളതാണ് ഇതിന്റെ കാര്യം. ഒരു 38ാമത്തെ വയസുവരെയൊക്കെ ഞാന്‍ ഒരു യൂത്ത് ഐക്കണായിരുന്നു. അതേ സത്യമായിട്ടും അതുവരെയൊക്കെ എനിക്ക് ആ അവാര്‍ഡ് കിട്ടിയിരുന്നു. പിന്നെ ഒരു സുപ്രഭാതത്തില്‍ കിട്ടാതെയായി,’ പൃഥ്വിരാജ് സുകുമാരന്‍ ചിരിയോടെ പറഞ്ഞു.

അഭിമുഖത്തില്‍ താനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചും താരം സംസാരിച്ചു. മമ്മൂട്ടിക്കും തനിക്കും ഇഷ്ടപ്പെട്ട ഒരു സിനിമയും കഥയുമുണ്ടെന്നും പക്ഷെ നിര്‍ഭാഗ്യവശാല്‍ മമ്മൂട്ടിക്ക് ചെയ്യാന്‍ ബാക് ടു ബാക് സിനിമകളുള്ളത് കാരണം അദ്ദേഹം തിരക്കിലാണെന്നും പൃഥ്വിരാജ് പറഞ്ഞു.

‘ഞങ്ങള്‍ കഥകള്‍ കേട്ടിട്ടുണ്ട്. ഒരു സിനിമയില്‍ മമ്മൂക്കയും പൃഥ്വിരാജും ഒന്നിച്ചാല്‍ നന്നാകുമെന്നും അല്ലെങ്കില്‍ ഏതെങ്കിലും കഥാപാത്രങ്ങള്‍ ചെയ്താല്‍ നല്ലതായിരിക്കുമെന്നും ആളുകള്‍ പറയുമല്ലോ.

മമ്മൂക്കക്കും എനിക്കും ഇഷ്ടപ്പെട്ട ഒരു സിനിമയും കഥയുമൊക്കെയുണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ മമ്മൂക്ക ഒരുപാട് ബിസിയാണ്. അദ്ദേഹത്തിന് ചെയ്യാന്‍ ബാക് ടു ബാക് സിനിമകളുണ്ട്. അപ്പോള്‍ സമയം കണ്ടെത്തുക എന്നതാണ് ഈ സിനിമയുടെ ചാലഞ്ച്,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.

Content Highlight: Prithviraj Sukumaran Talks About Youth Icon Awards