| Monday, 19th December 2022, 6:34 pm

കഥാപാത്ര നിര്‍മിതിയാണ് ഇന്ദുഗോപന്റെ ഏറ്റവും വലിയ പ്രത്യേകത, അദ്ദേഹത്തിന്റെ ഒന്നിലധികം കഥകള്‍ ഞാന്‍ സിനിമയാക്കുന്നുണ്ട്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ദുഗോപന്റെ ‘ശംഖുമുഖി’യെന്ന കഥ അടിസ്ഥാനപ്പെടുത്തി തിരക്കഥയെഴുതിയ ഷാജി കൈലാസ് സിനിമയാണ് കാപ്പ. ചിത്രത്തില്‍ കൊട്ട മധു എന്ന പ്രധാനകഥാപാത്രമായിട്ടാണ് പൃഥ്വിരാജ്‌ എത്തുന്നത്. ഇന്ദുഗോപന്റെ എഴുത്തിനെ കുറിച്ച് പറയുകയാണ് താരമിപ്പോള്‍. ഇന്ദുഗോപന്റെ കഥാപാത്ര നിര്‍മിതിയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും, അദ്ദേഹത്തിന്റെ ഒന്നിലധികം കഥകള്‍ താനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു. കാപ്പ സിനിമയുടെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഇന്ദുഗോപന്റെ ഒന്നിലധികം കഥകള്‍ ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ദുഗോപന്റെ ഏറ്റവും വലിയ കഴിവെന്ന് ഞാന്‍ വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ കഥാപാത്ര സൃഷ്ടികളാണ്. അതിപ്പോള്‍ കാപ്പയാണെങ്കിലും വിലായത്ത് ബുദ്ധയാണെങ്കിലും അങ്ങനെ തന്നെയാണ്. അദ്ദേഹത്തിന്റെ സിനിമകളിലേക്ക് എന്നെ ആകര്‍ഷിക്കുന്ന പ്രധാന കാരണവും ഇതു തന്നെയാണ്,’ പൃഥ്വിരാജ് പറഞ്ഞു.

കാപ്പയിലെ കഥാപാത്രത്തെ കുറിച്ചും പൃഥ്വിരാജ് പ്രസ് മീറ്റില്‍ സംസാരിച്ചു. ഒരു തെരഞ്ഞെടുപ്പ് കാണിക്കുന്നുണ്ടെന്നല്ലാതെ സിനിമയില്‍ ഒരു രാഷ്ട്രീയവും സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ അവതരിപ്പിക്കുന്ന മധു എന്ന കഥാപാത്രം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഈ സിനിമയില്‍ മത്സരിക്കുന്നുണ്ട്, അതിനുമപ്പുറത്തേക്ക് കാപ്പയില്‍ ഒരു രാഷ്ട്രീയവും പറയുന്നില്ല. മനസില്‍ തീരാതെ കടക്കുന്ന പ്രതികാരങ്ങളെ കുറിച്ചും ഉണങ്ങാത്ത മുറിവുകളെ കുറിച്ചുമൊക്കെ പറയുന്ന ഒരു കഥയാണിത്. കൊട്ട മധു പ്രിയപ്പെട്ടവനാകേണ്ട കഥാപാത്രമല്ല. എന്നാല്‍ ഒരു നടനെന്ന നിലിയില്‍ നമുക്ക് രസം തോന്നുന്ന ഒരു കഥാപാത്രമാണത്.

പ്രതികാരങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ വിഫലമായി ശ്രമിച്ച് കൊണ്ടിരിക്കുന്ന കഥാപാത്രമാണ് കൊട്ട മധു. ശ്രമങ്ങളിലൂടെ എപ്പോഴൊക്കെ അയാള്‍ കരകയറി എന്ന് തോന്നുമ്പോള്‍ വീണ്ടും എന്തെങ്കിലുമൊക്കെ അയാളെ ഭൂതകാലത്തിലേക്ക് വലിച്ചിടും,’ പൃഥ്വിരാജ് പറഞ്ഞു. കഥയെന്ന് പറയുന്നത്

നമ്മള്‍ ഗ്യാങ്സ്റ്റര്‍ സിനിമ എന്നൊക്കെ പറയുമ്പോഴും പറയാന്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്, അതൊക്കെ ബ്രോഡായിട്ടുള്ള സിനിമകളാണ്. അതില്‍ ഒരുപാട് കഥകള്‍ വരാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ ഒരു ഗ്യാങ്സ്റ്ററിന്റെ കഥപറയുന്ന സിനിമ വരാം, അല്ലെങ്കില്‍ ഇംഗ്ലീഷ് ഗോഡ്ഫാദറൊക്കെ പോലെ ഒരു കുടുംബത്തിന്റെ കഥയായിരിക്കാം.

അങ്ങനെ പലതരം സിനിമകള്‍ ഇതേ ഴോണറില്‍ തന്നെ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ഗ്യാങ്സ്റ്റര്‍ സിനിമകളും ഒരേപോലെയാകണമെന്നില്ല. എന്റെ മനസില്‍ ഇടംപിടിച്ച മലയാളത്തിലെ ഒരു ഗ്യാനങ്സ്റ്റര്‍ സിനിമയാണ് അസുര വംശം, അതും ഷാജിയേട്ടന്റെ സിനിമ തന്നെയാണ്. അതിന്റെ മേക്കിങ്ങും കാര്യങ്ങളുമൊക്കെ ഭയങ്കര രസമായിട്ട് തന്നെയാണ് എനിക്ക് തോന്നിയത്. അസുര വംശത്തിനുശേഷം അദ്ദേഹം ചെയ്യുന്ന ഒരു ഗ്യാങ്സ്റ്റര്‍ സിനിമയായിരിക്കും കാപ്പ.

ആക്ഷന്‍ സീനുകള്‍ സ്ലോമോഷനിലൊക്കെ സിനിമയില്‍ വരുന്നുണ്ടെങ്കിലും ഭയങ്കരമായി ഗ്ലാമറൈസ് ചെയ്തിട്ടുള്ള സിനിമയൊന്നുമല്ല ഇത്. കാര്യങ്ങള്‍ റിയലായിട്ട് പറഞ്ഞുപോകാനാണ് സിനിമയില്‍ ശ്രമിച്ചിട്ടുള്ളത്. അതാണ് സിനിമയുടെ എന്റര്‍ടൈന്‍മെന്റ് വാല്യു. ഈ സിനിമയുടെ കഥയെന്ന ്പറയുന്നത് കഥാപാത്രങ്ങളുടെ ബാക്ക് സ്റ്റോറിയാണ്. ആ കഥകള്‍ പരസ്പരം ചേര്‍ന്ന് വരുമ്പോഴാണ് സിനിമയെ നമ്മള്‍ ഭയങ്കരമായി ഇഷ്ടപ്പെട്ട് തുടങ്ങുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.

CONTENT HIGHLIGHT: PRITHVIRAJ SUKUMARAN TALKS ABOUT WRITER INDHUGOPAN

We use cookies to give you the best possible experience. Learn more