മലയാളത്തില്‍ ഏറെ സ്വീകാര്യത നേടിയ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി വരുന്ന സിനിമയാണ് ആടുജീവിതം. മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
ആ സിനിമയുടെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിരുന്നത് ജോര്‍ദാനിലെ മരുഭൂമിയിലായിരുന്നു. ആടുജീവിതത്തിന്റെ ട്രെയ്‌ലറും മറ്റും പുറത്തുവന്നതോടെ അതിന്റെ വിഷ്വല്‍ ഹോളിവുഡ് ചിത്രമായ ഡ്യൂണിന്റേത് പോലെയുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
ഇപ്പോള്‍ അതിനെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ്. ജോര്‍ദാനിലെ വാദി റം എന്ന സ്ഥലത്ത് വെച്ച് ഡ്യൂണിന്റെ അണിയറക്കാരെ കണ്ടിരുന്നുവെന്നും അവരവിടെ ലൊക്കേഷന്‍ ഹണ്ടിന് വേണ്ടി വന്നതായിരുന്നു എന്നും താരം പറയുന്നു.
ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. വാദി റമ്മില്‍ അവര്‍ ഡ്യൂണിന് വേണ്ടി ലൊക്കേഷന്‍ അന്വേഷിച്ചു വന്നപ്പോള്‍ തങ്ങള്‍ അതിനൊക്കെ എപ്പോഴോ മുന്നേ തന്നെ സിനിമ അവിടെ ഷൂട്ട് ചെയ്ത് തുടങ്ങിയിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
‘ആളുകള്‍ സിനിമയുടെ വിഷ്വല്‍ പാലറ്റ് ഡ്യൂണ്‍ സിനിമ പോലെയുണ്ടെന്ന് പറയുന്നു. എന്നാല്‍ ഞാന്‍ ഇത് പറഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ വിശ്വസിക്കില്ല. ഞങ്ങള്‍ വാദി റം എന്ന സ്ഥലത്ത് ഷൂട്ട് ചെയ്യുന്ന സമയത്ത് അവിടെ വെച്ച് ഞങ്ങള്‍ ഡ്യൂണ്‍ സിനിമയുടെ സിനിമറ്റോഗ്രാഫറെയും വി.എഫ്.എക്‌സ് സൂപ്പര്‍ വൈസറെയും കണ്ടിരുന്നു.
അവര്‍ ഡ്യൂണിന്റെ ഷൂട്ടിന് വേണ്ടി ലൊക്കേഷന്‍ അന്വേഷിച്ച് അവിടെ വന്നതായിരുന്നു. അവര്‍ക്ക് അവിടെ ലൊക്കേഷന്‍ സെറ്റപ്പ് ചെയ്യണമായിരുന്നു. എന്നാല്‍ ഞങ്ങള്‍ അതിനൊക്കെ എപ്പോഴോ മുന്നേ തന്നെ നമ്മുടെ സിനിമ അവിടെ ഷൂട്ട് ചെയ്ത് തുടങ്ങിയിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj Sukumaran Talks About Wadi Rum Location And Dune Movie