|

കരിയറിന്റെ രണ്ടാം പകുതി കുറച്ചുകൂടെ എന്റെ കണ്‍ട്രോളിലായിരുന്നുവെന്ന് വിശ്വസിക്കാന്‍ കാരണമുണ്ട്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ സിനിമയില്‍ വന്ന കാലത്ത് പുതിയ നടന്മാര്‍ കഥയോ തിരക്കഥയോ ആയിരുന്നില്ല ആദ്യം നോക്കുകയെന്ന് പറയുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. സംവിധായകനും നിര്‍മാതാവും ആരാണെന്നാണ് നോക്കുകയെന്നും വലിയ സംവിധായകനോ വലിയ നിര്‍മാണ കമ്പനിയോ ആണെങ്കില്‍ കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പോലും ആ സിനിമ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

വലിയ സംവിധായകനും നിര്‍മാണ കമ്പനിയുമാണ് തങ്ങളെ വെച്ച് ഒരു സിനിമ ചെയ്യുന്നതെങ്കില്‍ അതൊരു വലിയ അംഗീകാരമാണെന്നും പൃഥ്വി പറയുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും ഒരു പുതുമുഖ നടന് പോലും സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടില്ലെന്ന് പറയാമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്റെ കരിയറിന്റെ രണ്ടാം പകുതി കുറച്ചുകൂടെ തന്റെ കണ്‍ട്രോളിലായിരുന്നുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ സിനിമയിലൊക്കെ വന്ന കാലത്തുള്ള കാര്യങ്ങള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. എന്നെ പോലെയുള്ള പുതിയ നടന്മാര്‍ ഞങ്ങളെ തേടി ഒരു സിനിമ എത്തുമ്പോള്‍ കഥ എന്താണെന്നോ തിരക്കഥ എങ്ങനെയുള്ളതാണെന്നോ ആയിരുന്നില്ല ആദ്യം നോക്കുക.

ആരാണ് സംവിധായകനെന്നും ആരാണ് നിര്‍മാതാവെന്നുമായിരുന്നു നോക്കുക. വലിയ സംവിധായകനോ വലിയ നിര്‍മാണ കമ്പനിയോ ആണെങ്കില്‍ നമ്മള്‍ കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പോലും ആ സിനിമ ചെയ്യും.

നമ്മുടെ ഗുരുക്കാന്മാരും നമ്മളെ ഇഷ്ടപെടുന്നവരും നമ്മളോട് പറഞ്ഞിരുന്നത്, കഥയൊന്നും നോക്കണ്ട എന്നായിരുന്നു. ആ സംവിധായകന്റെ സിനിമ ചെയ്യൂ, ആ പ്രൊഡക്ഷന്‍ കമ്പനിയുടെ സിനിമ ചെയ്യൂ എന്നാണ് പറയുക.

അവര്‍ നമ്മളെ വെച്ച് ഒരു സിനിമ ചെയ്യുന്നുവെന്ന് പറയുമ്പോള്‍ നമുക്ക് അത് വലിയ ഒരു അംഗീകാരമാണ്. നമ്മള്‍ അപ്പോള്‍ അംഗീകരിക്കപ്പെട്ട ഒരു നടനായി എന്ന തോന്നലോ ധാരണയോ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകും. പക്ഷെ ഇന്ന് അങ്ങനെയല്ല.

എത്ര വലിയ സംവിധായകന്റെ സിനിമ ആണെങ്കിലും എത്ര വലിയ പ്രൊഡക്ഷന്‍ ഹൗസാണെങ്കിലും കുഴപ്പമില്ല. ഒരു പുതുമുഖ നടന് പോലും സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടില്ലെന്ന് പറയാം. അതില്‍ ഒരു തെറ്റുമില്ല. അതുകൊണ്ട് തന്നെ എന്റെ കരിയറിന്റെ രണ്ടാം പകുതി കുറച്ചുകൂടെ എന്റെ കണ്‍ട്രോളിലായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഒരു 30 വയസ് ആയപ്പോഴേക്കും ഞാന്‍ കടന്ന് ചെല്ലുന്ന സെറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞ, അതേസമയം ഏറ്റവും എക്‌സ്പീരിയന്‍സുള്ള ആള്‍ ഞാനായിരുന്നു. അത് സത്യത്തില്‍ ഞാന്‍ എന്‍ജോയ് ചെയ്ത ഒരു ഫേസായിരുന്നു,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.

Content Highlight: Prithviraj Sukumaran Talks About Second Phase Of His Career