ക്യാമറമാന്‍ എന്ന നിലയില്‍ ഷോട്ടെടുക്കാന്‍ എനിക്ക് അവസരം നല്‍കുന്നത് ആ സിനിമയും സംവിധായകനും: പൃഥ്വിരാജ് സുകുമാരന്‍
Entertainment
ക്യാമറമാന്‍ എന്ന നിലയില്‍ ഷോട്ടെടുക്കാന്‍ എനിക്ക് അവസരം നല്‍കുന്നത് ആ സിനിമയും സംവിധായകനും: പൃഥ്വിരാജ് സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th May 2024, 4:38 pm

ക്യാമറ റണ്‍ ചെയ്യുന്ന സമയത്ത് ഐ പീസിലൂടെ നോക്കാന്‍ തന്നെ ആദ്യം സമ്മതിക്കുന്നത് എസ്. കുമാര്‍ ആണെന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. എന്നാല്‍ ഓപ്പറേറ്റിങ് ക്യാമറമാന്‍ എന്ന നിലയില്‍ ഒരു ഷോട്ട് എടുക്കാന്‍ അവസരം നല്‍കുന്നത് സന്തോഷ് ശിവനാണെന്നും താരം പറയുന്നു.

സൂര്യ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. അന്‍വര്‍ സിനിമയുടെ സമയത്ത് അമല്‍ നീരദില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നും താരം കൂട്ടിച്ചേര്‍ത്തു. കൂടെ പ്രവര്‍ത്തിച്ചവരില്‍ നിന്നും തനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

‘ക്യാമറ റണ്‍ ചെയ്യുന്ന സമയത്ത് ഐ പീസിലൂടെ നോക്കാന്‍ എന്നെ ആദ്യം സമ്മതിക്കുന്നത് എസ്. കുമാര്‍ സാറാണ്. അന്ന് ഫിലിം ക്യാമറയായിരുന്നു ഉണ്ടായിരുന്നത്. ആ ക്യാമറ റണ്‍ ചെയ്യുമ്പോള്‍ കണ്ണിന്റെ മുമ്പില്‍ ഷട്ടര്‍ അടിച്ചുകൊണ്ടിരിക്കുമെന്ന് ഞാന്‍ മനസിലാക്കുന്നത് അന്നാണ്. ഷോട്ടിന്റെ സമയത്ത് ക്യാമറ ഓണ്‍ ചെയ്ത ശേഷം കുമാരേട്ടന്‍ ‘ഞാന്‍ ലൈവായി കണ്ടോളാം, രാജു ഐ പീസിലൂടെ നോക്കിക്കോളൂ’ എന്ന് പറയുകയായിരുന്നു.

എന്നാല്‍ ഒരു ഓപ്പറേറ്റിങ് ക്യാമറമാന്‍ എന്ന നിലയില്‍ ഒരു ഷോട്ടെടുക്കാന്‍ അവസരം നല്‍കുന്നത് സന്തോഷേട്ടനാണ് (സന്തോഷ് ശിവന്‍). ‘ഉറുമി’ക്ക് വേണ്ടി ക്യാമറ ഓപ്പറേറ്റ് ചെയ്തോളാന്‍ അദ്ദേഹം എന്നോട് പറയുകയായിരുന്നു.

അതുപോലെ, അമലിന്റെ കൂടെ ‘അന്‍വര്‍’ സിനിമ ചെയ്തപ്പോള്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായിരുന്നു. ജിമ്മിജിബ് എന്ന ഉപകരണത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞതും അവിടെ വെച്ചാണ്.

അതുവരെ എന്റെ സിനിമകളില്‍ പാട്ടിന് വേണ്ടിയുള്ള സീനുകളിലും ഫൈറ്റിനുമൊക്കെ ജിമ്മിജിബ് കൊണ്ടുവരുന്ന ഉപകരണമെന്നേ എനിക്ക് ജിമ്മിജിബിനെ കുറിച്ച് അറിയുമായിരുന്നുള്ളു. എന്നാല്‍ ആ ഉപകരണത്തെ ക്രിയേറ്റീവായി ഉപയോഗിച്ച് ഒരു സീനെങ്ങനെ സ്റ്റേജ് ചെയ്യാമെന്ന് പഠിക്കാന്‍ കഴിഞ്ഞത് അമലിനൊപ്പം വര്‍ക്ക് ചെയ്തപ്പോഴാണ്.

അഞ്ജലിക്കൊപ്പവും ലിജോയ്‌ക്കൊപ്പവും സിനിമ ചെയ്തപ്പോഴും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നു. എനിക്ക് അറിയാനും പഠിക്കാനും താത്പര്യമുണ്ടെന്ന് പറഞ്ഞ് അവര്‍ എനിക്ക് അവസരങ്ങള്‍ നല്‍കുകയായിരുന്നു. അങ്ങനെ ഒപ്പം വര്‍ക്ക് ചെയ്തവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാനായി.

ജനഗണമന സിനിമയില്‍ ഒരു പുതിയ ടീമിനൊപ്പമാണ് വര്‍ക്ക് ചെയ്തത്. സംവിധായകന്‍ ഡിജോ ഉള്‍പ്പെടെയുള്ള എല്ലാവരും എന്നെക്കാള്‍ വളരെ ചെറുപ്പമായ ആള്‍ക്കാരായിരുന്നു. എന്റെ പത്തിലൊന്ന് എക്സ്പീരിയന്‍സ് പോലും അവര്‍ക്കില്ലായിരുന്നു. പക്ഷെ, അവരില്‍ നിന്നും എനിക്ക് ഏറെ പഠിക്കാന്‍ കഴിഞ്ഞിരുന്നു,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.


Content Highlight: Prithviraj Sukumaran Talks About Santhosh Sivan And Urumi Movie