പ്രഭാസിന് അഭിനയിക്കാന്‍ ആഗ്രഹമുള്ള സിനിമ കേട്ട് എനിക്ക് അതിശയം തോന്നി: പൃഥ്വിരാജ്
Film News
പ്രഭാസിന് അഭിനയിക്കാന്‍ ആഗ്രഹമുള്ള സിനിമ കേട്ട് എനിക്ക് അതിശയം തോന്നി: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th December 2023, 7:58 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. താരം അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെതായി ഏറ്റവും പുതുതായി ഇറങ്ങുന്ന സിനിമയാണ് സലാര്‍.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. ഇപ്പോള്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പ്രഭാസിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.

സലാറിന്റെ സമയത്ത് താനും പ്രഭാസും പരസ്പരം ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിരുന്നെന്നും കൂട്ടത്തില്‍ പ്രഭാസ് തനിക്ക് ഇനി അഭിനയിക്കാന്‍ ആഗ്രഹമുള്ള സിനിമകളെ കുറിച്ച് പറഞ്ഞിരുന്നെന്നും പൃഥ്വിരാജ് പറയുന്നു.

ബാഹുബലിക്ക് ശേഷം പ്രഭാസിന് കെണിയില്‍ പെട്ടത് പോലെയാണെന്നും വലിയ തുകയില്‍ എടുക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ അയാള്‍ നിര്‍ബന്ധിതനാകുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു അഭിനേതാവ് എന്ന നിലയില്‍ പ്രഭാസിന് അതില്‍ നിന്നും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നും താരം പറയുന്നു.

‘സലാറിന്റെ സമയത്ത് ഞാനും പ്രഭാസും പരസ്പരം ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. കൂട്ടത്തില്‍ സിനിമകളെ കുറിച്ചും സംസാരിച്ചു. അന്ന് പ്രഭാസ് ഇനി ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമയെ കുറിച്ച് എന്നോട് പറഞ്ഞു.

ബാഹുബലിക്ക് ശേഷം ഞാന്‍ ട്രാപ്പില്‍ പെട്ടത് പോലെയാണ്. നാന്നൂറും അഞ്ഞൂറും കോടി ചിലവില്‍ എടുക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ ഇപ്പോള്‍ നിര്‍ബന്ധിതനാകുകയാണ്.

എന്നാല്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ അതില്‍ നിന്നും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. എനിക്ക് കോമഡി സിനിമയൊക്കെ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പ്രഭാസ് പറഞ്ഞു. അദ്ദേഹം ഇങ്ങനെ സംസാരിക്കുന്നത് കണ്ട് എനിക്ക് ശരിക്കും അതിശയം തോന്നി,’ പൃഥ്വിരാജ് പറഞ്ഞു.


Content Highlight: Prithviraj Sukumaran Talks About Prabhas Movies