ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് സലാര്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസ് ആണ് നായകന്‍. പ്രഭാസിനൊപ്പം പൃഥ്വിരാജും സലാറിലെത്തുന്നുണ്ട്. ഇപ്പോള്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സലാര്‍ സിനിമയെ കുറിച്ചും പ്രഭാസിനെ കുറിച്ചും സംസാരിക്കുകയാണ് പൃഥ്വിരാജ്.
‘ഹോംബാലെ ഫിലിംസ് കേരളത്തിലേക്ക് വന്നപ്പോള്‍ ആണ് എന്നോട് ആദ്യമായി സലാറിന്റെ കാര്യം പറയുന്നത്. സത്യത്തില്‍ അവര്‍ അന്ന് സലാറിന് വേണ്ടി ആയിരുന്നില്ല വന്നത്. ഒരു പ്രൊജക്റ്റ് സംവിധാനം ചെയ്യുന്ന കാര്യം സംസാരിക്കാന്‍ വേണ്ടിയാണ് എന്നെ വന്ന് കാണുന്നത്.
അന്ന് ഒരു പ്രൊജക്റ്റ് നമുക്ക് ഒരുമിച്ച് ചെയ്യാമെന്നൊക്കെ സംസാരിച്ചു. ഇതിനിടയില്‍ വിജയ് സാറാണ് പ്രശാന്ത് നീല്‍ സാറിന് വേണ്ടി അദ്ദേഹത്തിന്റെ സലാര്‍ സിനിമയില്‍ ഞാന്‍ ഒരു ഭാഗമാകുമോ എന്ന കാര്യം ചോദിക്കുന്നത്. ഞാന്‍ മെന്റലി അതിന് പറ്റില്ലെന്ന് പറയാന്‍ തയ്യാറാകുകയായിരുന്നു.
കാരണം ഞാന്‍ പെട്ടെന്ന് ചിന്തിച്ചത്, കെ.ജി.എഫ് സിനിമക്ക് ശേഷം പ്രശാന്ത് സംവിധാനം ചെയ്യുന്ന സിനിമയാണല്ലോ എന്നായിരുന്നു. ആ സിനിമക്ക് ശേഷം പ്രഭാസിനെ നായകനാക്കി വരാന്‍ പോകുന്ന വലിയ സിനിമ. അതിലെ കഥാപാത്രങ്ങള്‍ അത്ര ചെറുതാകില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
എന്നാല്‍ സലാറിന്റെ കഥ കേട്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. കഥ കേള്‍ക്കുന്നതിന് മുമ്പ് ഇത്തരം ഒരു സിനിമയാകും ഇതെന്ന് ഞാന്‍ കരുതിയിരുന്നില്ല. രണ്ട് സുഹൃത്തുകളുടെ കഥയാകും സിനിമ പറയുന്നതെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രശാന്ത് നീല്‍ പ്രഭാസിനൊപ്പം ചെയ്യാന്‍ പോകുന്ന സിനിമയെന്ന് പറയുമ്പോള്‍ എന്റെ മനസില്‍ ഒരുപാട് വ്യത്യസ്തമായ ഒരു ചിന്തയായിരുന്നു ഉണ്ടായിരുന്നത്. അത് തന്നെയാണ് സലാര്‍ ഒരുക്കുന്ന സര്‍പ്രൈസ്.
സലാര്‍ ഗെയിം ഓഫ് ത്രോണ്‍സ് പോലെയാണെന്ന് ഞാന്‍ പലപ്പോഴും പ്രഭാസിനോട് പറയാറുണ്ട്. വളരെ ഗംഭീരമായ ആക്ഷന്‍, വലിയ സെറ്റ് പീസുകള്‍ അതൊക്കെയാണ് എന്നെ അത്ഭുതപെടുത്തിയത്. കഥ കേട്ടതും ഞാന്‍ ഇത് ചെയ്യാമെന്ന് പറഞ്ഞു. സലാര്‍ സിനിമയെ കുറിച്ച് കേട്ട ശേഷം ഞാന്‍ ആദ്യം വിളിച്ചത് പ്രഭാസിനെയായിരുന്നു. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഞാന്‍ പ്രഭാസിനെ ആ സിനിമയില്‍ കാണാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj Sukumaran Talks About Prabhas And Salaar Movie