| Wednesday, 3rd January 2024, 7:26 pm

വളരെ ഡേഞ്ചറസായിട്ടുള്ള ആളാണ് പ്രഭാസ് സാര്‍; കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു പ്രഭാസ് നായകനായ സലാര്‍. ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നായകന്‍ പൃഥ്വിരാജും അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഹോംബാലെ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രഭാസിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.

പ്രഭാസിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ സംഭവിക്കുന്ന ഏറ്റവും മോശമായ കാര്യം എന്താണ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വി. പ്രഭാസിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഒരിക്കലും എന്താണ് ഇഷ്ടമുള്ള കാര്യങ്ങളെന്ന് പ്രഭാസിനോട് പറയരുതെന്നും താരം പറഞ്ഞു.

‘പ്രഭാസ് സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരിക്കലും നമുക്ക് എന്താണ് ഇഷ്ടമുള്ള കാര്യങ്ങളെന്ന് സാറിന് മുന്നില്‍ പറയരുത്. ഒരു തവണ പ്രഭാസ് സാറിന് മുന്നില്‍ വെച്ച്, ഞാന്‍ വീട്ടിലേക്ക് പോയിട്ടും എന്റെ കാര്‍ ഡ്രൈവ് ചെയ്തിട്ടും കുറേ നാളായെന്ന് ഞാന്‍ പറഞ്ഞു.

ഉടനെ ‘ഞാന്‍ എന്റെ ലംബോര്‍ഗിനി ഇവിടെ വെക്കാം. താന്‍ കുറച്ച് നാള്‍ അത് ഡ്രൈവ് ചെയ്‌തോളൂ’ എന്നാണ് പ്രഭാസ് മറുപടിയായി പറഞ്ഞത്. ഞാന്‍ പെട്ടെന്ന് നിനക്ക് എന്താ ഭ്രാന്താണോ എന്ന് ചോദിച്ചു പോയി. (ചിരി)

അത്രയും ഡേഞ്ചറസ് ആയിട്ടുള്ള ഒരാളാണ് പ്രഭാസ് സാര്‍. അതുപോലെ ഒരു ദിവസം അവിടെ എന്റെ ഫാമിലി എന്നെ കാണാന്‍ വന്നിരുന്നു. എന്റെ മകള്‍ക്ക് ഒമ്പത് വയസായി. അന്ന് പ്രഭാസ് അവളോട് അവള്‍ക്ക് കഴിക്കാന്‍ ഇഷ്ടപെട്ട ഭക്ഷണം ഏതാണെന്ന് ചോദിച്ചു.

നിങ്ങള്‍ ചിലപ്പോള്‍ ഞാന്‍ പറഞ്ഞാല്‍ വിശ്വസിക്കില്ല. ഞാന്‍ വെറുതെ പറയുകയല്ല, നടന്ന കാര്യമാണ് പറയുന്നത്. അന്ന് അവള്‍ക്ക് പ്രഭാസ് സാര്‍ വാങ്ങി കൊടുത്ത ഭക്ഷണങ്ങളൊക്കെ വെയ്ക്കാന്‍ വേറെ ഒരു മുറി കൂടെയെടുക്കേണ്ട അവസ്ഥയായിരുന്നു.

അത് മാത്രമല്ല, പ്രഭാസ് സാറിന്റെ അടുത്ത് ഇരിക്കുമ്പോള്‍ ഒരിക്കലും നമുക്ക് ഡയറ്റ് മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റില്ല. അദ്ദേഹം ഒരിക്കലും അത്രയധികം ഭക്ഷണം കഴിക്കുന്ന ആളല്ല. ഒരു ചെറിയ ബൗളില്‍ ആണ് അദ്ദേഹം ഭക്ഷണം കഴിക്കാറുള്ളത്. അപ്പോഴും മറ്റുള്ളവരെ അദ്ദേഹം നന്നായിട്ട് ഭക്ഷണം കഴിപ്പിക്കും,’ പൃഥ്വിരാജ് പറഞ്ഞു.


Content Highlight: Prithviraj Sukumaran Talks About Prabhas

We use cookies to give you the best possible experience. Learn more