എനിക്ക് മാലാഖയെ പോലെ തോന്നുന്ന ആളെ വേണമെന്ന് പറഞ്ഞു; അന്ന് അദ്ദേഹം സജസ്റ്റ് ചെയ്തത് നിഖിലയെ: പൃഥ്വിരാജ്
Entertainment
എനിക്ക് മാലാഖയെ പോലെ തോന്നുന്ന ആളെ വേണമെന്ന് പറഞ്ഞു; അന്ന് അദ്ദേഹം സജസ്റ്റ് ചെയ്തത് നിഖിലയെ: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th May 2024, 12:48 pm

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബ്രോ ഡാഡി. മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ ഒന്നിച്ച ചിത്രത്തില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, കനിഹ, ജഗദീഷ്, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു.

ചിത്രത്തില്‍ നിഖില വിമല്‍ നഴ്‌സിന്റെ കഥാപാത്രമായി ഒരു കാമിയോ കണക്കെ എത്തിയിരുന്നു. എങ്ങനെയാണ് നിഖില അതിലേക്ക് എത്തുന്നതെന്ന് പറയുകയാണ് പൃഥ്വിരാജ്. തന്റെ ഗുരുവായൂരമ്പല നടയിലിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ബ്രോ ഡാഡി സിനിമക്കായി ഞാന്‍ എന്റെ അസോസിയേറ്റ് ഡയറക്ടറോട് എനിക്ക് ഒരു മാലാഖ ഇറങ്ങി വരുന്നത് പോലെ തോന്നുന്ന ആളെ വേണമെന്ന് പറഞ്ഞു. അതിന് പറ്റിയ ആളുണ്ടെന്ന് പറഞ്ഞിട്ട് വാവ കൊട്ടാരക്കര എന്ന എന്റെ അസോസിയേറ്റ് സജസ്റ്റ് ചെയ്തതാണ് നിഖിലയെ.

ഡ്രീം സ്വീക്വന്‍സ് പോലെയും മാലാഖ ഒരു കുഞ്ഞിനെയും കൊണ്ടുവരുന്നത് പോലെയും തോന്നണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതിന് നിഖിലയല്ലാതെ വേറെ ഒരാളെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

എന്നാല്‍ തന്നോട് അസോസിയേറ്റ് ഡയറക്ടര്‍ ഇങ്ങനെയല്ല പറഞ്ഞതെന്നാണ് അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്നു നിഖില പറയുന്നത്.

‘ഇങ്ങനെയാണല്ലേ സംഭവിച്ചത്. നിഖില വിമല്‍ മതിയെന്ന് പൃഥ്വിരാജ് പറഞ്ഞുവെന്നാണ് എന്നോട് അദ്ദേഹം പറഞ്ഞത്. ഞാന്‍ എന്നിട്ട് അദ്ദേഹത്തോട് എപ്പോഴും ചോദിക്കും, പുള്ളി എന്നെ കാണുമ്പോള്‍ അങ്ങനെയല്ലല്ലോ പറയുന്നതെന്ന്,’ നിഖില വിമല്‍ പറഞ്ഞു.

നിഖില വിമലും പൃഥ്വിരാജ് സുകുമാരനും ഒന്നിച്ച ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം സംവിധാനം ചെയ്ത വിപിന്‍ ദാസാണ് ഈ ചിത്രവും സംവിധാനം ചെയ്തത്. അനശ്വര രാജന്‍, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം മെയ് 16നായിരുന്നു തിയേറ്ററുകളില്‍ എത്തിയത്. പൃഥ്വിയും ബേസിലും ഒന്നിച്ച ആദ്യ ചിത്രമാണ് എന്ന പ്രത്യേകതയും ഗുരുവായൂരമ്പല നടയിലിനുണ്ട്.

Content Highlight: Prithviraj Sukumaran Talks About Nikhila Vimal