|

എമ്പുരാന്‍ എന്ന പേരിന് പിന്നില്‍ അദ്ദേഹം; അതല്ലാതെ ഒന്നുരണ്ട് പേരുകളും ഉണ്ടായിരുന്നു: പൃഥ്വിരാജ് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ നായകനായി 2019ല്‍ പുറത്തിറങ്ങിയ ഒരു പൊളിറ്റിക്കല്‍ – ആക്ഷന്‍ – ത്രില്ലര്‍ ചിത്രമായിരുന്നു ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ടായിരുന്നു.

മുരളി ഗോപി തിരക്കഥ ഒരുക്കിയ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായുമാണ് മോഹന്‍ലാല്‍ എത്തിയത്.

ഇപ്പോള്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയാണ്. വന്‍ ഹൈപ്പില്‍ ഒരുങ്ങിയ ചിത്രം ഇന്നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ഇപ്പോള്‍ ആരാണ് ഈ സിനിമയ്ക്ക് എമ്പുരാന്‍ എന്ന പേര് സജസ്റ്റ് ചെയ്തതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടെ തിരക്കഥാകൃത്തായ മുരളി ഗോപിയാണ് ആ പേര് സജസ്റ്റ് ചെയ്തത് എന്നാണ് പൃഥ്വി പറയുന്നത്. ലൂസിഫറിന്റെ അവസാനത്തെ പാട്ട് എഴുതാന്‍ ഇരിക്കെയാണ് മുരളിക്ക് എമ്പുരാന്‍ എന്ന പേര് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

‘മുരളി ഗോപിയാണ് എമ്പുരാന്‍ എന്ന പേര് സജസ്റ്റ് ചെയ്യുന്നത്. മറ്റൊരു പേര് മനസില്‍ ഇല്ലായിരുന്നോയെന്ന് ചോദിച്ചാല്‍, എമ്പുരാന്‍ അല്ലാതെ ഒന്നുരണ്ട് പേരുകള്‍ കൂടെ ഉണ്ടായിരുന്നു.

പക്ഷെ എമ്പുരാന്‍ എന്ന പേര് സെലക്ട് ചെയ്യുന്നത് മുരളിയാണ്. ഈ സിനിമക്ക് എമ്പുരാന്‍ എന്ന പേരിടുന്നത് ഞങ്ങള്‍ ഒന്നാം ഭാഗത്തിലെ അവസാനത്തെ സോങ് എഴുതി കൊണ്ടിരിക്കുമ്പോഴാണ്. അത് എഴുതിയത് മുരളിയായിരുന്നു.

അത് എഴുതി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഇതാണ് അടുത്ത സിനിമയുടെ പേരെന്ന് മുരളിയുടെ മനസില്‍ ഉദിച്ചത്. ആ പേരിന് പിന്നില്‍ മുരളി തന്നെയാണ്,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

Content Highlight: Prithviraj Sukumaran Talks About Murali Gopi And Empuraan