മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും. ഇരുവരും പോക്കിരിരാജ എന്ന ചിത്രത്തിന് ശേഷം 14 വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞ് ഒരു സിനിമക്കായി ഒന്നിക്കുന്നുവെന്ന സൂചനകളുണ്ടായിരുന്നു. മമ്മൂട്ടിയും പൃഥ്വിയും വീണ്ടും ഒന്നിക്കുന്നത് ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് വേണ്ടിയാണെന്നും അത് സംവിധാനം ചെയ്യാന്‍ പോകുന്നത് നവാഗത സംവിധായകനായ ജിതിന്‍ കെ. ജോസാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
കുറുപ്പ് സിനിമയുടെ കഥാകൃത്തായിരുന്നു ജിതിന്‍ കെ. ജോസ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത് മെയ് 15ന് ആണെന്നും ഈയിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ സിനിമയെ സംബന്ധിച്ചുള്ള ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല.
ഇപ്പോള്‍ മമ്മൂട്ടിയുമായുള്ള സിനിമ എന്നാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. തങ്ങള്‍ സിനിമക്കുള്ള കഥകള്‍ കേട്ടിട്ടുണ്ടെന്നാണ് താരം പറയുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗുരുവായൂരമ്പല നടയിലിന്റെ പ്രൊമോഷന്റെ ഭാഗമായി സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.
മമ്മൂട്ടിക്കും തനിക്കും ഇഷ്ടപ്പെട്ട ഒരു സിനിമയും കഥയുമുണ്ടെന്നും പക്ഷെ നിര്‍ഭാഗ്യവശാല്‍ മമ്മൂട്ടിക്ക് ചെയ്യാന്‍ ബാക് ടു ബാക് സിനിമകളുള്ളത് കാരണം അദ്ദേഹം തിരക്കിലാണെന്നും പൃഥ്വിരാജ് പറഞ്ഞു. ഈ സിനിമക്കായി സമയം കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ ചാലഞ്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ കഥകള്‍ കേട്ടിട്ടുണ്ട്. ഒരു സിനിമയില്‍ മമ്മൂക്കയും പൃഥ്വിരാജും ഒന്നിച്ചാല്‍ നന്നാകുമെന്നും അല്ലെങ്കില്‍ ഏതെങ്കിലും കഥാപാത്രങ്ങള്‍ ചെയ്താല്‍ നല്ലതായിരിക്കുമെന്നും ആളുകള്‍ പറയുമല്ലോ.
മമ്മൂക്കക്കും എനിക്കും ഇഷ്ടപ്പെട്ട ഒരു സിനിമയും കഥയുമൊക്കെയുണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ മമ്മൂക്ക ഒരുപാട് ബിസിയാണ്. അദ്ദേഹത്തിന് ചെയ്യാന്‍ ബാക് ടു ബാക് സിനിമകളുണ്ട്. അപ്പോള്‍ സമയം കണ്ടെത്തുക എന്നതാണ് ഈ സിനിമയുടെ ചാലഞ്ച്,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
Content Highlight: Prithviraj Sukumaran Talks About Movie With Mammootty