പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ എത്തിയ ചിത്രം നിര്‍മിച്ചത് ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു.
സിനിമയില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായുമാണ് എത്തിയത്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ലൂസിഫറില്‍ ഒന്നിച്ചത്.
ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ലൂസിഫര്‍ സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോട്ട് വെച്ചത് മുതല്‍ അവസാന ഷോട്ട് വെച്ച നിമിഷം വരെയും മോഹന്‍ലാല്‍ തന്നോട് ചോദിച്ചു കൊണ്ടിരുന്നത് ‘സാര്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്’ എന്നായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
‘എനിക്ക് അന്ന് ലൂസിഫറിന്റെ സ്‌ക്രിപ്റ്റ് ഇഷ്ടമായി, അത് ഇത്രയും വലിയ അഭിനേതാക്കളോടെല്ലാം പറഞ്ഞിട്ടും അവരാരും അത് മോശമാണെന്ന് പറഞ്ഞില്ല. വളരെ മുതല്‍മുടക്ക് വേണ്ടിവരുന്ന ഒരു സിനിമയാണെന്ന് അറിഞ്ഞിട്ടും അത് ഏറ്റെടുക്കാന്‍ ആന്റണിയെപ്പോലെ അനുഭവസമ്പന്നനായ ഒരു നിര്‍മാതാവും തയ്യാറായി.
സത്യത്തില്‍ ഇതെല്ലാം എന്റെ കോണ്‍ഫിഡന്‍സ് ഉയര്‍ത്തുകയും ടെന്‍ഷന്‍ കുറയ്ക്കുകയും ചെയ്തിരുന്നു. പിന്നെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോട്ട് വെച്ചത് മുതല്‍ അവസാന ഷോട്ട് വെച്ച നിമിഷം വരെയും ലാലേട്ടന്‍ എന്നോട് ചോദിച്ചു കൊണ്ടിരുന്നത് ‘സാര്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്’ എന്നായിരുന്നു.
എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല. പകരം ആ സീനില്‍ സംവിധായകന്‍ എന്തെങ്കിലും മനസില്‍ കണ്ടിട്ടുണ്ടാവുമോ എന്നറിയാനുള്ള ആകാംക്ഷയാകാം. അപ്പോള്‍ സ്‌പെസിഫിക്കായി ചില കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് പറയും. അപ്പോഴും എന്റെ മനസ് പറയുന്നത്, ലാലേട്ടന്‍ അതുപോലെ ചെയ്യല്ലേ എന്നാണ്.
പക്ഷേ എന്നെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാന്‍ പറഞ്ഞത് പോലെതന്നെ ലാലേട്ടന്‍ ചെയ്യും. അതിലൊരു സവിശേഷമായ മോഹന്‍ലാല്‍ ടച്ച് വരുത്തിയാകും അദ്ദേഹം ചെയ്യുന്നത്. അതൊരു മാജിക്കായിരുന്നു,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.
Content Highlight: Prithviraj Sukumaran Talks About Mohanlal And Lucifer