എമ്പുരാന്‍; തമാശ പറഞ്ഞിരിക്കുമ്പോള്‍ ലാലേട്ടന്‍ മോനേയെന്ന് വിളിക്കും; ഷൂട്ടിങ്ങ് തുടങ്ങിയാല്‍ മോനേ വിളിമാറി സാറെന്നാകും: പൃഥ്വിരാജ്
Entertainment
എമ്പുരാന്‍; തമാശ പറഞ്ഞിരിക്കുമ്പോള്‍ ലാലേട്ടന്‍ മോനേയെന്ന് വിളിക്കും; ഷൂട്ടിങ്ങ് തുടങ്ങിയാല്‍ മോനേ വിളിമാറി സാറെന്നാകും: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th April 2024, 10:41 am

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മോഹന്‍ലാലും പൃഥ്വിരാജ് സുകുമാരനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മുരളി ഗോപിയുടെ രചനയില്‍ ഒരുങ്ങുന്ന ചിത്രം 2019ല്‍ പുറത്ത് വന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്.

ഖുറേഷി അബ്റാം അഥവാ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്. സിനിമയുടെ ഓരോ അപ്‌ഡേഷനും വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.

ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാലിനെ പോലെ ഒരു സംവിധായകന്റെ ആഗ്രഹവും വാക്കും പാലിച്ചുകൊണ്ട് സിനിമക്കായി സ്വയം സമര്‍പ്പിക്കുന്ന മറ്റൊരു നടനെയും കാണാന്‍ സാധിക്കില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്.

ലൊക്കേഷനില്‍ തങ്ങള്‍ എപ്പോഴും തമാശകള്‍ പറഞ്ഞ് ചിരിക്കാറുണ്ടെന്നും ആ സമയത്ത് മോഹന്‍ലാല്‍ തന്നെ മോനെയെന്നാണ് വിളിക്കാറുള്ളതെന്നും പൃഥ്വി പറഞ്ഞു. എന്നാല്‍ ഷൂട്ടിങ്ങ് തുടങ്ങിയാല്‍ മോനെ വിളി മാറ്റി സാര്‍ എന്നാകും മോഹന്‍ലാല്‍ വിളിക്കുകയെന്നും താരം കൂട്ടിച്ചേര്‍ത്തു. മാഷബിള്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍.

‘മോഹന്‍ലാല്‍ സാറിനെ പോലെ ഒരു സംവിധായകന്റെ ആഗ്രഹവും വാക്കും പാലിച്ചുകൊണ്ട് സിനിമക്കായി സ്വയം സമര്‍പ്പിക്കുന്ന മറ്റൊരു നടനെയും കാണാന്‍ സാധിക്കില്ല. ഞാന്‍ ഇനി പറയുന്നത് കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ വിശ്വസിച്ചെന്ന് വരില്ല.

ലൊക്കേഷനില്‍ ഞങ്ങള്‍ എപ്പോഴും തമാശകള്‍ പറയുകയും ചിരിക്കുകയും ചെയ്യാറുണ്ട്. ആ സമയത്തൊക്കെ അദ്ദേഹം എന്നെ മോനെ എന്ന് വിളിച്ചാണ് സംസാരിക്കാറുള്ളത്. എന്നാല്‍ ഷൂട്ടിനായി ക്യാമറയുടെ മുന്നിലെത്തിയാല്‍ പിന്നെ അദ്ദേഹം മോനെ വിളി മാറ്റി സാര്‍ എന്നാകും വിളിക്കുക.

എല്ലാ കാര്യങ്ങളെ കുറിച്ചും അറിവ് ഉള്ള ആളാണ് മോഹന്‍ലാല്‍ സാര്‍. ഒരു ഷോട്ട് കഴിഞ്ഞാല്‍ ഏത് ഷോട്ടാണ് എടുക്കേണ്ടത് എന്ന് അദ്ദേഹത്തിന് അറിയാം. ഇനി നമ്മുടെ ക്യാമറ ട്രാക്കിലാണെങ്കില്‍ അതൊരു മൂവിങ് ഷോട്ടാണ് എന്നൊക്കെ അദ്ദേഹത്തിന് മനസിലാക്കാന്‍ സാധിക്കും. എങ്കിലും സാര്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അദ്ദേഹം ചോദിക്കും.

സംവിധായകന് എന്താണ് വേണ്ടതെന്ന് പറയുമ്പോള്‍ അദ്ദേഹം അതൊക്കെ ഇരുന്ന് കേള്‍ക്കും. ശേഷം കേട്ട കാര്യം അദ്ദേഹം അതേ പോലെ നമുക്ക് ചെയ്ത് തരും. ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹം വളരെ വലിയ പാഠമാണ് നല്‍കുന്നത്. കാരണം മോഹന്‍ലാല്‍ സാര്‍ എന്താണ് എനിക്ക് നല്‍കുന്നത് അതാണ് ഞാന്‍ എന്റെ സംവിധായകന് കൊടുക്കേണ്ടത് എന്ന് എനിക്ക് മനസിലായി,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.


Content Highlight: Prithviraj Sukumaran Talks About Mohanlal