മഞ്ഞുമ്മലിനോടും പ്രേമലുവിനോടും ഭ്രമയുഗത്തോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു: പൃഥ്വിരാജ് സുകുമാരന്‍
Entertainment news
മഞ്ഞുമ്മലിനോടും പ്രേമലുവിനോടും ഭ്രമയുഗത്തോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു: പൃഥ്വിരാജ് സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th March 2024, 10:41 pm

സിനിമയില്‍ ഒരാളുടെ വിജയം എല്ലാവരുടെയും വിജയമാണെന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ഭ്രമയുഗം എന്നീ സിനിമകള്‍ മലയാളത്തില്‍ ഈയിടെ ഇറങ്ങിയ മികച്ച സിനിമകളാണെന്നും താരം പറയുന്നു.

ഈ മൂന്ന് സിനിമകളെ ചുറ്റിപറ്റി ഒരുപാട് ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ടെന്ന് പറയുന്ന പൃഥ്വിരാജ് ഈ സിനിമകളോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍.

‘ഒരാളുടെ വിജയം എല്ലാവരുടെയും വിജയമാണ്. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ഭ്രമയുഗം എന്നീ സിനിമകള്‍ മലയാളത്തില്‍ ഈയിടെ ഇറങ്ങിയ മികച്ച സിനിമകളാണ്. ഞാന്‍ ആ മൂന്ന് സിനിമകളുടെ ബോക്‌സ് ഓഫീസ് നമ്പറുകളെ പറ്റിയല്ല പറയുന്നത്.

ഈ സിനിമകളെ ചുറ്റിപറ്റി ഒരുപാട് കോണ്‍വര്‍സേഷനുകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അതില്‍ നിന്ന് എനിക്കും പ്രയോജനമുണ്ടാകുമെന്ന് എനിക്കറിയാം. എന്തുകൊണ്ടാണ് ആളുകള്‍ക്ക് ഇപ്പോള്‍ ആടുജീവിതത്തിന് ഇത്രയും താത്പര്യം വര്‍ധിക്കുന്നത്? മലയാളത്തിലെ അടുത്ത വലിയ റിലീസായാണ് ആടുജീവിതത്തെ കാണുന്നത്.

ഞാന്‍ മഞ്ഞുമ്മല്‍ ബോയ്‌സിനോടും പ്രേമലുവിനോടും ഭ്രമയുഗത്തോടും കടപ്പെട്ടിരിക്കുന്നു. എനിക്കറിയാം അവരുടെ വിജയം എന്റെ വിജയത്തിന് വഴിയൊരുക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ ഇത് വളരെ സെല്‍ഫിഷായ കാര്യമാണ്,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.

2008ലായിരുന്നു ചിത്രത്തിനെ കുറിച്ചുള്ള ആദ്യ ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ 2018ലാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവര്‍ അമ്പരപ്പിക്കുന്നതായിരുന്നു.

മലയാളത്തില്‍ ഒരു നടന്‍ നടത്തിയ ഏറ്റവും വലിയ ട്രാന്‍സ്‌ഫോര്‍മേഷനാണ് പൃഥ്വിരാജ് ആടുജീവിതത്തിനായി നടത്തിയിട്ടുള്ളത്. ചിത്രത്തിനായി പൃഥ്വി 30 കിലോയോളം കുറച്ചത് വാര്‍ത്തയായിരുന്നു.

Content Highlight: Prithviraj Sukumaran Talks About Manjummel Boys, Premalu And Bramayugam