|

എന്റെ ജനറേഷനിലുള്ളവര്‍ സിനിമയില്‍ നില്‍ക്കാന്‍ കാരണം അവര്‍; എനിക്ക് കിട്ടാവുന്ന ഏറ്റവും നല്ല ഗിഫ്റ്റ്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ജനറേഷനിലുള്ള ആളുകള്‍ സിനിമയില്‍ നില്‍ക്കാന്‍ കാരണം മമ്മൂട്ടിയും മോഹന്‍ലാലുമാണെന്ന് പറയുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. തങ്ങള്‍ അവരെ കണ്ടിട്ടാണ് വളര്‍ന്നത് എന്നാണ് അദ്ദേഹം പറയുന്നത്.

താന്‍ മോഹന്‍ലാലിനെ പോലെ നടക്കാന്‍ ശ്രമിച്ചും മമ്മൂട്ടിയെ പോലെ സംസാരിക്കാന്‍ ശ്രമിച്ചുമാണ് വളര്‍ന്നതെന്നും പൃഥ്വി പറയുന്നു. തന്റെ അച്ഛന്‍ ഒരു നടനാണെങ്കിലും അദ്ദേഹം മുമ്പത്തെ ജനറേഷനിലെ നടനാണെന്നാണ് പൃഥ്വിരാജ് പറയുന്നത്.

താന്‍ ഒരുപാട് പ്രിവിലേജുള്ള ആളാണെന്ന് പറയുന്ന പൃഥ്വി മോഹന്‍ലാലിന്റെ അടുത്തിരിക്കാനും മൂന്ന് തവണ സംവിധാനം ചെയ്യാനും സാധിച്ചതൊക്കെ തനിക്ക് ലഭിച്ച ഗിഫ്റ്റാണെന്നും കൂട്ടിച്ചേര്‍ത്തു. രജിനികാന്തിനെ എമ്പുരാന്റെ ട്രെയ്‌ലര്‍ കാണിച്ചതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘ഒരു അളവുവരെ എന്റെ ജനറേഷനില്‍ ഉള്ള ആളുകള്‍ സിനിമയില്‍ നില്‍ക്കാന്‍ കാരണം തീര്‍ച്ചയായും മമ്മൂട്ടിയും മോഹന്‍ലാലുമാണ്. സത്യത്തില്‍ ഞങ്ങള്‍ അവരെ കണ്ടിട്ടാണ് വളര്‍ന്നത്.

ഞാന്‍ മോഹന്‍ലാലിനെ പോലെ നടക്കാന്‍ ശ്രമിച്ചു കൊണ്ടും മമ്മൂട്ടിയെ പോലെ സംസാരിക്കാന്‍ ശ്രമിച്ചുമാണ് വളര്‍ന്നത്. എന്റെ അച്ഛന്‍ ഒരു നടനാണ്. പക്ഷെ അദ്ദേഹം മുമ്പത്തെ ജനറേഷനിലെ നടനാണ്.

എന്നെ സിനിമ സ്വാധീനിച്ചു തുടങ്ങുന്ന സമയം മുതല്‍ക്ക് ഉള്ളത് മമ്മൂട്ടിയും മോഹന്‍ലാലുമാണ്. പിന്നെ ഞാന്‍ ഒരുപാട് പ്രിവിലേജുള്ള ആള് തന്നെയാണ്. ഇന്ന് മോഹന്‍ലാലിന്റെ അടുത്ത് ഇരിക്കാനും അദ്ദേഹത്തെ മൂന്ന് തവണ സംവിധാനം ചെയ്യാനും സാധിച്ചു.

അദ്ദേഹം എന്നെ കുറിച്ച് നല്ല വാക്കില്‍ സംസാരിച്ചു. അത് എനിക്ക് കിട്ടാവുന്ന ഏറ്റവും നല്ല ഗിഫ്റ്റ് തന്നെയാണ്. കുറച്ചുനാളുകള്‍ക്ക് മുമ്പ് എനിക്ക് രജിനി സാറിനെയും കാണാന്‍ സാധിച്ചിരുന്നു.

അദ്ദേഹത്തെ ഞാന്‍ എമ്പുരാന്റെ ട്രെയ്‌ലര്‍ കാണിച്ചു. അദ്ദേഹം എമ്പുരാന്റെ ട്രെയ്ലറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ലൂസിഫറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളുമൊക്കെ ഞാന്‍ ഒരിക്കലും മറക്കില്ല,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.

Content Highlight: Prithviraj Sukumaran Talks About Mammootty And Mohanlal

Video Stories