താന്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ പുതിയ എന്തിനെയും നോക്കി കാണുന്നത് മുന്‍വിധിയോടെ പരാജയം വിലയിരുത്തി കൊണ്ടാണെന്ന് പറയുകയാണ് നടന്‍ പൃഥ്വിരാജ്. പുതിയ എന്തെങ്കിലും നടക്കുമ്പോള്‍ അത് വര്‍ക്കാകില്ലെന്നാണ് ചിന്തിക്കുകയെന്നും അദ്ദേഹം പറയുന്നു.
മലയാളികള്‍ പൊതുവെ അങ്ങനെ പ്രോഗ്രാം ചെയ്യപ്പെട്ടവരാണെന്നും ലൂസിഫര്‍ സിനിമയുടെ സമയത്ത് ആളുകള്‍ക്ക് ഒരുപാട് തവണ അങ്ങനെ തോന്നിയിരുന്നെന്നും പൃഥ്വി പറഞ്ഞു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ഞാനൊരു മലയാളിയാണ്. ഞാന്‍ ഇനി പറയുന്നത് എന്നെയും ചേര്‍ത്ത് തന്നെയാണ്. അഭിനേതാക്കളെ മാത്രമല്ല, പുതിയ എന്തിനെയും ഞങ്ങള്‍ മലയാളികള്‍ പൊതുവെ നോക്കി കാണുന്നത് മുന്‍വിധിയോടെ പരാജയം വിലയിരുത്തി കൊണ്ടാണ്.
പുതിയ എന്തെങ്കിലും നടക്കുമ്പോള്‍ നമ്മള്‍ ആലോചിക്കുക ഇത് വര്‍ക്കാകില്ലെന്ന് തന്നെയാണ്. പിന്നെ അത് വര്‍ക്കായാല്‍ ‘ഓഹ്, അത് ശരിക്കും വര്‍ക്കായി അല്ലേ’ എന്ന് ചിന്തിക്കും. ഞങ്ങള്‍ പൊതുവെ അങ്ങനെ പ്രോഗ്രാം ചെയ്യപ്പെട്ടവരാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് (ചിരി).
അത് എനിക്ക് ലൂസിഫര്‍ സിനിമയുടെ സമയത്ത് ഒരുപാട് തവണ തോന്നിയിരുന്നു. സിനിമയുടെ ആദ്യത്തെ പ്രൊമോയും ടീസറുമൊക്കെ വന്നപ്പോള്‍ മുതല്‍ക്ക് തന്നെ എല്ലാവരും ചിന്തിക്കുന്നത് എന്താണെന്ന് എനിക്ക് മനസിലായി.
മലയാളത്തിലെ ഏറ്റവും വലിയ സിനിമയല്ലേ, അവന്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കാമെന്ന് പലരും ചിന്തിച്ചിരുന്നു. ഇപ്പോള്‍ എമ്പുരാന്‍ ഇറങ്ങാന്‍ പോകുമ്പോഴും അങ്ങനെ തന്നെയാണ് ആളുകള്‍ ചിന്തിക്കുന്നത്. അത് മനസിലാകും, ഓക്കെയാണത്,’ പൃഥ്വിരാജ് സുകുമാരന്‍.
ലൂസിഫര്‍:
മലയാളികള്‍ ഇപ്പോള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍.
മുരളി ഗോപി തിരക്കഥയെഴുതി സിനിമ നിര്‍മിച്ചത് ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു. സുജിത്ത് വാസുദേവാണ് ലൂസിഫറിനും എമ്പുരാനും വേണ്ടി ക്യാമറ ചലിപ്പിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായും എത്തിയത്.
Content Highlight: Prithviraj Sukumaran Talks About Malayalies And Lucifer Movie