ഞങ്ങള്‍ മോശം സിനിമകളും ചെയ്യാറുണ്ട്; ഞാന്‍ അത്തരം സിനിമകളുടെ ഭാഗമായിട്ടുണ്ട്: പൃഥ്വിരാജ് സുകുമാരന്‍
Entertainment
ഞങ്ങള്‍ മോശം സിനിമകളും ചെയ്യാറുണ്ട്; ഞാന്‍ അത്തരം സിനിമകളുടെ ഭാഗമായിട്ടുണ്ട്: പൃഥ്വിരാജ് സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th March 2024, 9:06 pm

സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.

ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനാണ് നായകന്‍. 2008ലായിരുന്നു ചിത്രത്തിനെ കുറിച്ചുള്ള ആദ്യ ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ 2018ലാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവര്‍ അമ്പരപ്പിക്കുന്നതായിരുന്നു.

മലയാളത്തില്‍ ഒരു നടന്‍ നടത്തിയ ഏറ്റവും വലിയ ട്രാന്‍സ്ഫോര്‍മേഷനാണ് പൃഥ്വിരാജ് ആടുജീവിതത്തിനായി നടത്തിയിട്ടുള്ളത്. ചിത്രത്തിനായി പൃഥ്വി 30 കിലോയോളം കുറച്ചത് വാര്‍ത്തയായിരുന്നു.

അന്താരാഷ്ട്ര ചലച്ചിത്ര മേളക്കായി പുറത്തുവിട്ട സിനിമയുടെ ട്രെയ്ലറും അതിന് പിന്നാലെ വന്ന ഫസ്റ്റ് ലുക്കും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോള്‍ ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സൂം ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ്.

‘ഞാന്‍ വരുന്നത് ഏറെ ബ്ലെസ്ഡായ ഒരു സിനിമാ ഇന്‍ഡ്രസ്ട്രിയില്‍ നിന്നാണ്. ലീഡ് ആക്ടേഴ്‌സിന് വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ അവിടെ അവസരമുണ്ട്. ഞാന്‍ മുന്നോട്ട് നോക്കുമ്പോള്‍ സീനിയേഴ്‌സായി കാണുന്നത് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെയുള്ള മലയാളത്തിലെ വലിയ താരങ്ങളെയാണ്.

ഇത്തരം സിനിമകളാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു കൊണ്ട് അവര്‍ നമുക്ക് മുന്നില്‍ ഒരുപാട് ഉദാഹരണങ്ങള്‍ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. അത് തന്നെയാണ് നമ്മള്‍ ഇപ്പോള്‍ ചെയ്യുന്നത്. മലയാളത്തില്‍ നിന്ന് വരുന്ന എല്ലാ സിനിമകളും അല്ലെങ്കില്‍ ഞാന്‍ ചെയ്യുന്ന എല്ലാ സിനിമകളും എക്കാലത്തെയും മികച്ചതാണെന്ന് ഞാന്‍ പറയുന്നില്ല.

ഞങ്ങള്‍ മോശം സിനിമകളും ചെയ്യാറുണ്ട്. ഞാന്‍ മോശം സിനിമകളുടെ ഭാഗമായിട്ടുണ്ട്. അണ്‍ സക്‌സസ് ഫുള്ളായിട്ടുള്ള സിനിമകളുടെ ഭാഗമായിട്ടുണ്ട്. പക്ഷേ മലയാളം സിനിമ ചാലഞ്ചിങ്ങായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു വലിയ ഓഡിയന്‍സിനെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം തന്നെയാണ്. അതുകൊണ്ട് തന്നെ എനിക്ക് ഒരു സിനിമയുടെ ക്രെഡിറ്റ് പൂര്‍ണമായും എടുക്കാന്‍ സാധിക്കില്ല,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.


Content Highlight: Prithviraj Sukumaran Talks About Malayalam Movies