2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപി തിരക്കഥയെഴുതിയ ഈ സിനിമ ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു നിര്‍മിച്ചത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന സവിശേഷതയും ഇതിനുണ്ടായിരുന്നു.
ലൂസിഫറില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായുമാണ് എത്തിയത്. മോഹന്‍ലാലിന് പുറകെ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ലൂസിഫറിനെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. മലയാളസിനിമ ഇന്നോളം കൈ വെയ്ക്കാത്ത പല ബിസിനസ് മേഖലകളെയും ചൂഷണം ചെയ്യാന്‍ കഴിയുമെന്ന് ചിത്രം പ്ലാന്‍ ചെയ്യുന്ന സമയത്ത് തന്നെ ആന്റണി പെരുമ്പാവൂരിനോട് താന്‍ പറഞ്ഞിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
‘ഒരു സിനിമയെ ജനം അംഗീകരിച്ചു കഴിയുന്നതോടെ ആ സിനിമ ചെയ്ത സംവിധായകന്റെ വിജയവും പൂര്‍ണമാവുകയാണ്. പിന്നീട് സംഭവിക്കുന്നതെല്ലാം, റെക്കോഡ് കളക്ഷനടക്കം ആ സിനിമയുടെ ഉപോല്‍പ്പന്നങ്ങള്‍ മാത്രമാണ്.
എന്നാല്‍ ലൂസിഫറിന്റെ കാര്യത്തില്‍ ചെറിയൊരു വ്യത്യാസമുണ്ട്. ഈ ചിത്രം പ്ലാന്‍ ചെയ്യുന്ന സമയത്ത് തന്നെ ഞാനത് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞതാണ്. മലയാളസിനിമ ഇന്നോളം കൈ വെയ്ക്കാത്ത പല ബിസിനസ് മേഖലകളെയും നമുക്ക് ചൂഷണം ചെയ്യാന്‍ കഴിയുമെന്ന്.
അതിന്റെ ഫലപ്രാപ്തിയായിരുന്നു ലൂസിഫറിന് ലഭിച്ച ഡിജിറ്റല്‍ സാറ്റലൈറ്റും ഓവര്‍സീസ് ഡിസ്ട്രി ബ്യൂഷനും. റെക്കോഡ് കളക്ഷനിലാണ് ഈ രണ്ട് റൈറ്റ്‌സുകളും വിറ്റുപോയത്. ലൂസിഫറിന് ലഭിച്ച സാറ്റലൈറ്റ് റൈറ്റ്‌സിനെക്കാളും ഉയര്‍ന്ന തുകയ്ക്കാണ് ഡിജിറ്റല്‍ റൈറ്റ്‌സ് വിറ്റുപോയത്.
ചുരുക്കത്തില്‍ ഡിജിറ്റല്‍ റൈറ്റ്‌സിന്റെ അപാരമായ സാധ്യതയും ലൂസിഫറിലൂടെ മലയാള സിനിമയ്ക്ക് തുറന്നുകിട്ടി. മോഹന്‍ലാല്‍ നായകനായ ചിത്രം. പൃഥിരാജ് സംവിധാനം ചെയ്ത ചിത്രം. മുരളി ഗോപി എഴുതിയ ചിത്രം. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം. തുടങ്ങിയ നിലകളിലെല്ലാം തുടക്കം മുതല്‍ തന്നെ ലൂസിഫറിന് ഒരു ഹൈപ് ലഭിച്ചിരുന്നു,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
Content Highlight: Prithviraj Sukumaran Talks About Lucifer