| Tuesday, 27th December 2022, 4:44 pm

'യോ, നാന്‍ യാര്ന്ന് തെരിയുമാ?' എന്ന് ജഗദീഷേട്ടന്റെ ഒരു ചോദ്യം, പിന്നെ അവിടെ ഫുള്‍ വയലന്‍സായിരുന്നു: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കാപ്പ. തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തില്‍ ഗുണ്ടാസംഘങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ കൊട്ട മധു എന്ന നായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്.

ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തിയ കാപ്പക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന്റെ സ്റ്റണ്ട് സീനുകള്‍ ഷൂട്ട് ചെയ്യുന്നതിനിടെ ജഗദീഷുമൊത്തുണ്ടായ ഒരനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്.

”സ്റ്റണ്ട് സില്‍വയായിരുന്നു കാപ്പയുടെ ആക്ഷന്‍ ചെയ്തത്. ഞാന്‍ സംവിധാനം ചെയ്ത സിനിമയിലും ആക്ഷന്‍ ചെയ്തിരുന്നത് സില്‍വയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് എന്നോട് ഒരു ആത്മബന്ധമുണ്ട്.

കാപ്പയുടെ നൈറ്റ് ഫൈറ്റ് സീന്‍ എടുക്കുകയായിരുന്നു. ഷൂട്ട് ചെയ്യുമ്പോള്‍ വെളുപ്പിന് നാല് മണിയൊക്കെ ആകുന്നുണ്ട്. ജഗദീഷേട്ടന്‍ അവിടെ ഇരിക്കുന്നുണ്ട്.

സില്‍വ എന്റെയടുത്ത് വന്ന് ചോദിച്ചു, ‘സാര്‍, അന്ത സാറ് ഒരു സീനിയര്‍ ആക്ടറല്ലേ, അപ്പൊ അവരെവെച്ച് ഫൈറ്റ്,…’ ഇത്രയും പറഞ്ഞത് ജഗദീഷേട്ടന്‍ കേട്ടു. ജഗദീഷേട്ടന്‍ സടകുടഞ്ഞ് എണീറ്റു.

‘യോ, നാന്‍ യാര്ന്ന് തെരിയുമാ?’ എന്നൊരു ചോദ്യം. പിന്നെ അവിടെ വയലന്‍സായിരുന്നു,” പൃഥ്വിരാജ് പറഞ്ഞു.

ഇതിന് അഭിമുഖത്തില്‍ ജഗദീഷ് മറുപടി പറയുന്നുമുണ്ട്.

”രാജു പറഞ്ഞതില്‍ കുറേയൊക്കെ സത്യമുണ്ട്. ഞാന്‍ പുള്ളിയോട് പറഞ്ഞത്, ‘ഞാന്‍ 40ലധികം സിനിമകളില്‍ ഹീറോയായി വര്‍ക്ക് ചെയ്തിട്ടുണ്ട്,’ എന്നായിരുന്നു. ‘കണ്ടിട്ടുണ്ട് സാറ്, സാറിന്റെ പടം കണ്ടിട്ടുണ്ട്’ എന്നാണ് സില്‍വ പറഞ്ഞത്.

ഇത് ചെയ്തുനോക്കാം സാര്‍ എന്ന് എന്നോട് ചോദിച്ചു. നമുക്ക് ട്രൈ ചെയ്യാം എന്ന് ഞാനും പറഞ്ഞു. ഇവരൊക്കെ ഭയങ്കര ആവേശത്തിലായിരുന്നു. അങ്ങോട്ട് ചെയ്യ് ചേട്ടാ, അടിക്ക് ചേട്ടാ എന്നൊക്കെയാണ് രാജു പറഞ്ഞത്,” ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Prithviraj Sukumaran talks about Jagadish from the movie Kaapa

We use cookies to give you the best possible experience. Learn more