|

എനിക്ക് ഇന്നൊരു സങ്കടം ബാക്കിയുണ്ട്; എന്റെ ഈ സക്‌സസ് കാണാന്‍ അദ്ദേഹം കൂടെയില്ല: പൃഥ്വിരാജ് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ വിജയം കാണാനായി അച്ഛന്‍ സുകുമാരന്‍ കൂടെയില്ലെന്ന സങ്കടം തനിക്കുണ്ടെന്ന് പറയുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. അദ്ദേഹം കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പൃഥ്വി പറയുന്നു.

എമ്പുരാന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. അച്ഛന് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും പക്ഷെ അത് നടക്കാതെ പോയെന്നും അദ്ദേഹം പറയുന്നു.

ആദ്യ സംവിധാന ചിത്രത്തിന്റെ പണിപ്പുരയില്‍ നില്‍ക്കുമ്പോഴാണ് സുകുമാരന്‍ മരിക്കുന്നതെന്നും ആ സിനിമയില്‍ മനോജ് കെ. ജയനും തിലകനുമായിരുന്നു പ്രധാനവേഷത്തില്‍ വരേണ്ടിയിരുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

‘എന്റെ സക്‌സസ് കാണാനായിട്ട് അച്ഛന്‍ കൂടെയില്ല എന്ന സങ്കടം എനിക്കുണ്ട്. അദ്ദേഹം കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അത് നടക്കാതെ പോയി.

അദ്ദേഹം തന്റെ ആദ്യ സംവിധാന ചിത്രത്തിന്റെ വര്‍ക്കില്‍ നില്‍ക്കുമ്പോഴാണ് മരിക്കുന്നത്. മനോജ് കെ. ജയന്‍ സാറും തിലകന്‍ സാറുമായിരുന്നു അതില്‍ അഭിനയിക്കേണ്ടിയിരുന്നത്. കമ്പോസിങ്ങൊക്കെ തുടങ്ങുന്ന ഒരു സ്‌റ്റേജിലായിരുന്നു ആ സിനിമ,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.

ഇപ്പോള്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ എത്തുന്ന എമ്പുരാന് വേണ്ടിയാണ്. 2019ല്‍ പുറത്തിറങ്ങിയ പൃഥ്വിയുടെ ആദ്യ സംവിധാന ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്.

ഈ പൊളിറ്റിക്കല്‍ – ആക്ഷന്‍ – ത്രില്ലര്‍ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായും എത്തുന്നത് മോഹന്‍ലാല്‍ ആണ്. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്റില്‍ എത്തുന്നത്. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങി മികച്ച താരനിരയാണ് ഒന്നിക്കുന്നത്.

Content Highlight: Prithviraj Sukumaran Talks About His Father Sukumaran

Video Stories