'ഗുരുവായൂരമ്പല നട'യിലെ ക്ലൈമാക്‌സ്; അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയില്‍: പൃഥ്വിരാജ് സുകുമാരന്‍
Entertainment
'ഗുരുവായൂരമ്പല നട'യിലെ ക്ലൈമാക്‌സ്; അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയില്‍: പൃഥ്വിരാജ് സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th May 2024, 10:19 pm

പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിയും ബേസിലും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇത്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം സംവിധാനം ചെയ്ത വിപിന്‍ ദാസാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

തമിഴ് നടന്‍ യോഗി ബാബു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം മെയ് 16നാണ് തിയേറ്ററില്‍ എത്തുന്നത്. ഇപ്പോള്‍ ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ ക്ലൈമാക്സിനെ പറയുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഈ സിനിമയുടെ ക്ലൈമാക്സില്‍ ഇതിലെ എല്ലാ ആര്‍ട്ടിസ്റ്റുകളും ഒരുമിച്ച് ഒരു സ്‌ക്രീനില്‍ വരുന്ന സീനുണ്ട്. ഗുരുവായൂരമ്പലത്തില്‍ നടക്കുന്ന ക്ലൈമാക്സാണ് അത്. യഥാര്‍ത്ഥ അമ്പലത്തില്‍ ഷൂട്ടിങ്ങിന് അനുമതി ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ സീനിനായി ഞങ്ങള്‍ എറണാകുളത്ത് ഒരു സെറ്റിടുകയായിരുന്നു ചെയ്തത്.

കുറച്ച് ഉള്ളിലേക്കുള്ള സ്ഥലത്ത് വെച്ചായിരുന്നു ഷൂട്ട് നടന്നത്. അതുകൊണ്ട് ആര്‍ട്ടിസ്റ്റുകളാരും ബ്രേക്ക് കിട്ടുമ്പോള്‍ കാരവാനിലേക്ക് പോവില്ലായിരുന്നു. എല്ലാവരും ലൊക്കേഷനില്‍ തന്നെയിരിക്കും.

അങ്ങനെ ഒരു ദിവസം ബ്രേക്ക് ടൈമില്‍ എല്ലാവരും ഇരുന്ന് പരസ്പരം സംസാരിക്കുന്നത് കണ്ടപ്പോള്‍ പെട്ടെന്ന് എനിക്ക് ഓര്‍മ വന്നത് എന്റെ കരിയറിന്റെ ആദ്യകാലമായിരുന്നു. അന്ന് കാരവനൊന്നും ഇല്ലാത്ത സമയമായിരുന്നു.

2000 മുതല്‍ 2005 വരെയൊക്കെയുള്ള കാലഘട്ടത്തെ കുറിച്ചാണ് ഞാന്‍ ഈ പറയുന്നത്. ആ സമയത്തൊക്കെയാണ് ബ്രേക്കിന്റെ സമയത്ത് എല്ലാവരും ഒരുമിച്ചിരുന്ന് വര്‍ത്തമാനം പറയാറുള്ളത്. ഈ സിനിമയില്‍ എല്ലാ ആര്‍ട്ടിസ്റ്റുകളും ഒരുമിച്ച് സ്‌ക്രീനില്‍ വരുന്ന വലിയൊരു ക്ലൈമാക്സാണ്.

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയില്‍ ആയിരുന്നു. അതുപോലെ ഫുള്‍ ഓണ്‍ എന്റര്‍ടൈനര്‍ തന്നെയായിരിക്കും ഈ സിനിമയുടെ ക്ലൈമാക്സും,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.


Content Highlight: Prithviraj Sukumaran Talks About Guruvayoor Ambalanadayil Movie Climax