മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണത്; അതുമായി ഒരിക്കലും ഞാന്‍ മറ്റൊരു സിനിമയെ താരതമ്യപ്പെടുത്തില്ല: പൃഥ്വിരാജ്
Entertainment
മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണത്; അതുമായി ഒരിക്കലും ഞാന്‍ മറ്റൊരു സിനിമയെ താരതമ്യപ്പെടുത്തില്ല: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th May 2024, 4:10 pm

1991ല്‍ തിയേറ്ററിലെത്തിയ മലയാള ചലച്ചിത്രമാണ് ഗോഡ്ഫാദര്‍. സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടിലെത്തിയ ചിത്രത്തില്‍ മുകേഷ്, എന്‍.എന്‍. പിള്ള, കനക, ഫിലോമിന, സിദ്ദീഖ് തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

തിരുവനന്തപുരത്തെ ഒരു തീയേറ്ററില്‍ ഈ ചിത്രം തുടര്‍ച്ചയായി 405 ദിവസങ്ങളില്‍ പ്രദര്‍ശിപ്പിച്ച്, ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങള്‍ നേടിയ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ആ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ഗോഡ്ഫാദര്‍ നേടിയിരുന്നു.

ഈ ചിത്രം തന്നെ സംബന്ധിച്ചിടത്തോളം മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണെന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ആ സിനിമയുമായി താന്‍ ഒരിക്കലും മറ്റൊരു സിനിമയെ താരതമ്യപ്പെടുത്തില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ഗുരുവായൂരമ്പല നടയിലിന്റെ പ്രൊമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ഗോഡ്ഫാദര്‍ സിനിമ കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണെന്നും ഗുരുവായൂരമ്പല നടയില്‍ കണ്ടാല്‍ അത്തരത്തിലുള്ള സന്തോഷമുണ്ടാകുമെന്നും താരം പറഞ്ഞു.

‘ഗോഡ് ഫാദര്‍ എന്നെ സംബന്ധിച്ചിടത്തോളം മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ്. എഴുത്തിലാണെങ്കിലും ടെക്‌നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാന്‍ ഹൈ പെഡസ്റ്റലില്‍ പ്ലേസ് ചെയ്യുന്ന സിനിമയാണ് ഗോഡ് ഫാദര്‍.

അതുകൊണ്ട് ആ സിനിമയുമായി ഞാന്‍ ഒരിക്കലും മറ്റൊരു സിനിമയെ താരതമ്യപ്പെടുത്തില്ല. മലയാളത്തില്‍ വന്ന ഏറ്റവും മികച്ച സിനിമയാണ് അത്. ആ സിനിമയൊക്കെ കാണുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന ഒരു സന്തോഷമുണ്ടല്ലോ, അത് വളരെ വലുതാണ്.

ആ കാര്യം ഗുരുവായൂരമ്പല നടയിലിനും ഉണ്ടെന്ന് ഞാന്‍ കരുതുന്നു. ഈ സിനിമ ഒരു ഹാപ്പി എക്‌സ്പീരിയന്‍സാകും നിങ്ങള്‍ക്ക് നല്‍കുന്നത്. അത്തരം സിനിമകളാണല്ലോ നമ്മള്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുക,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.


Content Highlight: Prithviraj Sukumaran Talks About Godfather Movie