മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാലുമൊന്നിച്ച് ഇറങ്ങിയ സിനിമയായിരുന്നു ‘ബ്രോ ഡാഡി’. ഹോട്സ്റ്റാറില്‍ ഇറങ്ങിയ ചിത്രത്തിന് വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
ചിത്രത്തില്‍ ജോണ്‍ കാറ്റാടി, ഈശോ ജോണ്‍ കാറ്റാടി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് മോഹന്‍ലാലും പൃഥ്വിരാജുമായിരുന്നു. ഇപ്പോള്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ബ്രോ ഡാഡി ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.
‘കൊവിഡിന്റെ ഇടയിലാണ് ആ സിനിമയുടെ മുഴുവന്‍ ഐഡിയയും കിട്ടുന്നത്. ആ സമയത്ത് ലോക്ക്ഡൗണ്‍ ആയത് കാരണം തിയേറ്ററുകളെല്ലാം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. സിനിമയുടെ ഷൂട്ടിങ് പോലും നടക്കുന്നില്ലായിരുന്നു.
എന്നാല്‍ പ്രേക്ഷകര്‍ക്ക് ആവശ്യമായ കണ്ടന്റുകളെല്ലാം ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൂടെ ലഭിക്കുന്നുണ്ടായിരുന്നു. ആകെ ഒരു ഇരുണ്ടകാലമായിരുന്നു. ഞാന്‍ ‘കുരുതി’ സിനിമ പൂര്‍ത്തിയാക്കി നില്‍ക്കുന്ന സമയമാണ്. ആ സമയത്ത് ഞാന്‍ ചിന്തിച്ചത് ആളുകളെ ചിരിപ്പിക്കാനുള്ള ഒന്നും തന്നെ ഇവിടെ ഇല്ലല്ലോ എന്നായിരുന്നു.
അപ്പോഴാണ് ബ്രോ ഡാഡി സിനിമയുടെ എഴുത്തുകാരന്‍ ശ്രീജിത്ത് സ്‌ക്രിപ്റ്റുമായി എന്റെ അടുത്തേക്ക് വരുന്നത്. എന്റെ കയ്യില്‍ ഒരു സ്‌ക്രിപ്റ്റുണ്ടെന്നും അത് എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സ്‌ക്രിപ്റ്റില്‍ താത്പര്യം ഉണ്ടോയെന്നും ചോദിച്ചു. സിനിമയുടെ സ്‌ക്രിപ്റ്റ് കേട്ട് ഇഷ്ടപെട്ടതോടെ ഞാന്‍ ആ സ്‌ക്രിപ്‌റ്റെടുത്തു.
ആ സമയത്ത് പ്രത്യേകിച്ച് ഷൂട്ടിങ് ഒന്നും ഇല്ലാത്തത് കൊണ്ട് ഞാനും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരിക്കുകയായിരുന്നു. എന്തായാലും ആ സിനിമ പെട്ടെന്ന് ചെയ്യാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ തീരുമാനിക്കാന്‍ രണ്ട് കാരണങ്ങള്‍ ഉണ്ടായിരുന്നു.
ആ സിനിമ അന്ന് സംഭവിച്ചില്ലെങ്കില്‍ പിന്നീട് ഒരിക്കലും സംഭവിക്കില്ലെന്ന് എന്ന് ഉറപ്പുണ്ടായിരുന്നു. എനിക്ക് ലൂസിഫറിന്റെ അടുത്ത ഭാഗത്തിന് വേണ്ടി പോകണമായിരുന്നു. അതിനിടയില്‍ ഹോംബാലെ ഫിലിംസിന്റെ വലിയ ഒരു സിനിമ വരാനുമുണ്ട്.
അന്ന് ഞാന്‍ ചിന്തിച്ചത്, ഇപ്പോള്‍ ഞാന്‍ ചിരിപ്പിക്കാനുള്ള അല്ലെങ്കില്‍ മറ്റുള്ളവരെ എന്റര്‍ടൈന്‍ ചെയ്യിക്കാനുള്ള ഒരു സിനിമ എടുത്തില്ലെങ്കില്‍ പിന്നെ എനിക്ക് അതിനുള്ള ഒരു അവസരം കിട്ടില്ല എന്നായിരുന്നു. ആ സിനിമ ചെയ്യാന്‍ ഒരുപാട് ബോള്‍ഡ്‌നെസ്സ് വേണമായിരുന്നു. കാരണം ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ആ സിനിമ എന്റെ കംഫര്‍ട്ട് സോണിന് പുറത്തായിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj Sukumaran Talks About Bro Daddy Movie