അന്ന് വളരെ അപ്രതീക്ഷിതമായി എനിക്കുണ്ടായ ആ ഇഞ്ച്വറി; നാല് മാസക്കാലം ഷൂട്ട് സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു: പൃഥ്വിരാജ്
Entertainment
അന്ന് വളരെ അപ്രതീക്ഷിതമായി എനിക്കുണ്ടായ ആ ഇഞ്ച്വറി; നാല് മാസക്കാലം ഷൂട്ട് സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th May 2024, 7:56 pm

നിഖില വിമല്‍, പൃഥ്വിരാജ് സുകുമാരന്‍, അനശ്വര രാജന്‍, ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിയും ബേസിലും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.

‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം സംവിധാനം ചെയ്ത വിപിന്‍ ദാസാണ് ഗുരുവായൂരമ്പല നടയിലും സംവിധാനം ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ എത്തിയത്. പിന്നാലെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

സിനിമയുടെ ഷൂട്ടിന് ഇടയില്‍ വളരെ അപ്രതീക്ഷിതമായി തനിക്ക് ഇഞ്ച്വറിയുണ്ടായതിനെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ആ ഇഞ്ച്വറി കാരണം നാല് മാസക്കാലം ഷൂട്ട് സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നുവെന്നും താരം പറയുന്നു.

ഗുരുവായൂരമ്പല നടയിലിന്റെ പ്രൊമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. തനിക്ക് ഇഞ്ച്വറി ഉണ്ടായെങ്കിലും തങ്ങള്‍ ആഗ്രഹിച്ചതിനേക്കാള്‍ വലിയ ക്യാന്‍വാസില്‍ ആ സിനിമയെ എത്തിക്കാന്‍ സാധിച്ചുവെന്നും താരം പറഞ്ഞു.

‘ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് കുടുംബങ്ങള്‍ക്ക് ഇടയില്‍ നടക്കുന്ന കാര്യങ്ങളാണ് ഗുരുവായൂരമ്പല നടയിലില്‍ പറയുന്നത്. ഒരുപാട് ആര്‍ട്ടിസ്റ്റുകളുള്ള സിനിമയാണ്. ഒപ്പം നമ്മളെ ചിരിപ്പിക്കുന്ന സിനിമ കൂടെയാണ് ഇത്. ഈ സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ച ഘടകങ്ങളായിരുന്നു ഇതൊക്കെ.

ഒരു പ്രേക്ഷകന്‍ എന്ന നിലയിലും ഒരു നടനെന്ന നിലയിലും അത്തരം സിനിമകള്‍ കുറച്ച് കാലങ്ങളായി ഞാന്‍ മിസ് ചെയ്യുന്നുണ്ട്. പിന്നെ ഇത്രയും വര്‍ഷങ്ങളായി സിനിമ ചെയ്യുന്നത് കൊണ്ട് അത്തരം ഒരു പടമെടുക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടിനെ കുറിച്ച് എനിക്ക് അറിയാം.

ഇത്രയും ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവരിക, അത്രയും പേരുടെ ഡേറ്റ് കൃത്യമായി കിട്ടുക എന്നതൊക്കെ ഈ സിനിമയുടെ ചലഞ്ച് ആയിരുന്നു. പക്ഷേ അതിലൊക്കെ ഞങ്ങളെ സഹായിച്ചത് വിപിനും ടീമുമായിരുന്നു. അതിന്റെ ഇടയില്‍ വളരെ അപ്രതീക്ഷിതമായി എനിക്ക് ഇഞ്ച്വറിയുണ്ടായി. അങ്ങനെ ഒരു നാല് മാസക്കാലം ഷൂട്ട് സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു.

എന്നിരുന്നാലും ഞങ്ങള്‍ ആഗ്രഹിച്ചതിനേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഈ സിനിമയെ എത്തിക്കാന്‍ സാധിച്ചു. അതില്‍ വലിയ സന്തോഷമുണ്ട്. നമ്മള്‍ കുറേനാള്‍ മിസ് ചെയ്യുന്ന ഒരുതരം സിനിമയുടെ വളരെ ഫ്രഷ് ആയ പുതിയ വേര്‍ഷനാണ് ഈ സിനിമയെന്ന് ഞാന്‍ കരുതുന്നു,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.


Content Highlight: Prithviraj Sukumaran Talks About An Injury In Guruvayoor Ambalanadayil Movie