അമ്മക്ക് ഏറ്റവും ഇഷ്ടമുള്ള എന്റെ സിനിമയും കഥാപാത്രവുമാണ് അത്: പൃഥ്വിരാജ് സുകുമാരന്‍
Entertainment
അമ്മക്ക് ഏറ്റവും ഇഷ്ടമുള്ള എന്റെ സിനിമയും കഥാപാത്രവുമാണ് അത്: പൃഥ്വിരാജ് സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th May 2024, 4:50 pm

തന്റെ അമ്മയായ മല്ലിക സുകുമാരന് താന്‍ ലൈറ്റര്‍ റോളുകള്‍ ചെയ്യുന്നത് കാണാനാണ് ഇഷ്ടമെന്ന് പറയുകയാണ് പൃഥ്വിരാജ്. തന്റെ സിനിമകളില്‍ അമ്മക്ക് ഇഷ്ടമുള്ള ഒന്നാണ് അമര്‍ അക്ബര്‍ അന്തോണിയെന്നും താരം പറഞ്ഞു.

കോമഡി ചിത്രമെന്ന നിലയില്‍ അമ്മക്ക് ഗുരുവായൂരമ്പല നടയില്‍ എന്ന തന്റെ പുതിയ സിനിമ എത്രത്തോളം ഇഷ്ടപ്പെടുമെന്ന ചോദ്യത്തിനും പൃഥ്വി മറുപടി നല്‍കി. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.

തന്റെ അമ്മക്ക് ഒരുപാട് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള സിനിമയാണ് ഗുരുവായൂരമ്പല നടയിലെന്നും അതുകൊണ്ട് അമ്മ ഈ പടം റിലീസായ അന്ന് തന്നെ പോയി കാണുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും വളരെ സന്തോഷത്തോടെ കാണാന്‍ കഴിയുന്ന സിനിമയാണെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ ക്വാളിറ്റിയായി താന്‍ കാണുന്നതെന്നും താരം പറയുന്നു.

‘എന്റെ അമ്മക്ക് ഗുരുവായൂരമ്പല നടയില്‍ ഒരുപാട് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള സിനിമയാണ്. അമ്മക്ക് മാത്രമല്ല ഈ സിനിമ ഇഷ്ടപെടുക. അമ്മക്കും മറ്റുള്ളവര്‍ക്കും ഇത് ഇഷ്ടപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന കാര്യമാണ്. പടം റിലീസായ ശേഷം അങ്ങനെയല്ലല്ലോ എന്ന് നിങ്ങള്‍ക്ക് ചോദിക്കാം.

വളരെ സന്തോഷത്തോടെ കാണാന്‍ പറ്റുന്ന പടമാണ് എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ ക്വാളിറ്റിയായി ഞാന്‍ കാണുന്നത്. കാണുമ്പോഴും കണ്ട് കഴിയുമ്പോഴും ഒരുപോലെ സന്തോഷം തരുന്ന സിനിമയാണ് ഗുരുവായൂരമ്പല നടയില്‍.

പലരും വീണ്ടും കാണാന്‍ ആഗ്രഹിക്കുക അത്തരത്തിലുള്ള സിനിമകളാണ്. അതുകൊണ്ട് എന്റെ അമ്മക്ക് മാത്രമല്ല എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള സിനിമയാണ് ഇത്. അമ്മക്കും ആ പ്രതീക്ഷയുണ്ട്. കാരണം അമ്മക്ക് ഞാന്‍ ലൈറ്റര്‍ റോളുകള്‍ ചെയ്യുന്നത് കാണാനാണ് ഇഷ്ടം. അമര്‍ അക്ബര്‍ അന്തോണിയൊക്കെ അമ്മക്ക് ഒരുപാട് ഇഷ്ടമുള്ള എന്റെ സിനിമയാണ്. അതുകൊണ്ട് അമ്മ ഈ പടം റിലീസായ അന്ന് തന്നെ പോയി കാണുമെന്നാണ് എന്റെ പ്രതീക്ഷ,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിപിന്‍ ദാസാണ് സംവിധായകന്‍. പൃഥ്വിരാജിന് പുറമെ ബേസില്‍ ജോസഫുമെത്തുന്ന ചിത്രം മെയ് 16നാണ് തിയേറ്ററില്‍ എത്തുന്നത്. തമിഴ് നടന്‍ യോഗി ബാബു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഇത്. പൃഥ്വിയും ബേസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗുരുവായൂരമ്പല നടയിലിനുണ്ട്.

Content Highlight: Prithviraj Sukumaran Talks About Amar Akbar Anthony And Mallika Sukumaran