|

അന്ന് അജുവാണെന്ന് മനസിലായില്ല; അവന്‍ പാടുമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു: പൃഥ്വിരാജ് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയ ജയ ജയ ജയ ഹേ എന്ന ചിത്രം സംവിധാനം ചെയ്ത വിപിന്‍ ദാസിന്റെ ഏറ്റവും പുതിയ സിനിമയാണ് ഗുരുവായൂരമ്പല നടയില്‍. നിഖില വിമല്‍, പൃഥ്വിരാജ് സുകുമാരന്‍, അനശ്വര രാജന്‍, ബേസില്‍ ജോസഫ് എന്നിവരാണ് ചിത്രത്തില്‍ ഒന്നിച്ചത്. പൃഥ്വിയും ബേസിലും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഗുരുവായൂരമ്പല നടയിലിന്‍ ഉണ്ടായിരുന്നു.

ഇതിലെ കെ ഫോര്‍ കല്യാണം എന്ന ഗാനം ആലപിച്ചിരുന്നത് അജു വര്‍ഗീസായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അജു വര്‍ഗീസിന്റെ പാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.

‘സത്യം പറഞ്ഞാല്‍, ഞാന്‍ ആ പാട്ട് ആദ്യം കേട്ടപ്പോള്‍ എനിക്ക് അത് അജു പാടിയതാണെന്ന് മനസിലായിരുന്നില്ല. അത്രയും നന്നായിരുന്നു. വിപിന്‍ പറഞ്ഞപ്പോഴാണ് അത് അജുവിന്റെ വോയിസ് ആണെന്ന് മനസിലാകുന്നത്. ഒന്നാമത് അവന്‍ ഇതിന് മുമ്പ് പാട്ട് പാടിയിട്ടുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. അവന്‍ പാടുമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം.

നമ്മള്‍ ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഇതിന്റെ വീഡിയോ സിനിമയില്‍ എങ്ങനെ ആയിരിക്കുമെന്ന് ആളുകള്‍ക്ക് പല ഇമാജിനേഷനുകളും വരുമല്ലോ. എന്നാല്‍ അങ്ങനെയൊന്നുമല്ല വിപിന്‍ ഈ പാട്ടിനെ പ്ലേസ് ചെയ്തിരിക്കുന്നത്. ആ പാട്ട് യൂസ് ചെയ്ത രീതി എനിക്ക് വളരെ ഇന്റലിജെന്റായി തോന്നി. അതെല്ലാം ശരിക്കും വിപിന്റെ കോണ്‍ട്രിബ്യൂഷനാണ്. അതായത് വിപിന്‍ ഈ സ്‌ക്രിപ്റ്റ് ഡയറക്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഉണ്ടായ മാറ്റങ്ങളില്‍ ഒന്നാണ്. അതൊക്കെ വിപിന്റെ മിടുക്ക് തന്നെയാണ്,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

Content Highlight: Prithviraj Sukumaran Talks About Aju Varghese