മലയാളത്തില്‍ ഏറെ സ്വീകാര്യത നേടിയ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി വരുന്ന സിനിമയാണ് ആടുജീവിതം. മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ കുറിച്ചും കൊവിഡിനെ കുറിച്ചും പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ആടുജീവിതത്തിന്റെ പ്രമോഷന്റെ ഭാഗമായി ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘2008ല്‍ ഈ സിനിമക്ക് ഓക്കേ പറഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷം സിനിമയെടുക്കാന്‍ ആരംഭിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കാരണം 2008ലും 2009ലുമൊക്കെ ഇതുപോലെ ഒരു സിനിമയെടുക്കുക എന്നത് ഒരിക്കലും ചിന്തിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു.
അന്ന് മലയാളത്തില്‍ ഇത്രയും സൈസിലും സ്‌കെയിലിലുമുള്ള പടം ഇംപോസിബിളാണ്. ബ്ലെസി അന്ന് ഈ സിനിമയെ കുറിച്ച് ചിന്തിക്കുമ്പോഴും വലിയ സിനിമയായി തന്നെയാണ് കണ്ടത്. ഞങ്ങള്‍ ഒരുപാട് പ്രൊഡ്യൂസേഴ്‌സിനെ പോയി കണ്ടിരുന്നു. അവരുടെ പേരൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്റര്‍നാഷണല്‍ പ്രൊഡ്യൂസേഴ്‌സായിരുന്നു പലരും.
2008ന് ശേഷം പത്ത് വര്‍ഷം കൊണ്ട് ഒരുപാട് കാര്യങ്ങളില്‍ മാറ്റങ്ങള്‍ വന്നിരുന്നു. 2018ല്‍ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തും അതില്‍ ഒരുപാട് റിസ്‌ക്കുകള്‍ ഉണ്ടായിരുന്നു. എങ്ങനെ സിനിമ ചെയ്യാമെന്ന് അന്നും ചിന്തിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
2018ല്‍ ആ സിനിമയുടെ ഷൂട്ട് ആരംഭിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ടായിരുന്നു. ആ സമയത്ത് സിനിമയെ കുറിച്ച് മുമ്പത്തെക്കാള്‍ കുറച്ച് ക്ലാരിറ്റി ഉണ്ടായിരുന്നു. എന്നാല്‍ അതിന്റെ ഇടയിലാണ് കൊവിഡ് വന്ന് ഒന്നര വര്‍ഷത്തെ ബ്രേക്ക് വന്നത്.
അങ്ങനെ ഒന്ന് നടക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അതിന്റെ ഭാഗമായി ഒരുപാട് സാമ്പത്തിക നഷ്ടമുണ്ടായി. ഞാന്‍ രണ്ട് തവണ സിനിമക്ക് വേണ്ടി ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തേണ്ടി വന്നു.
അത് എനിക്ക് ഒരുപാട് പ്രയാസമായിരുന്നു. ആ സിനിമക്ക് വേണ്ടി ഒരുപാട് പ്രയാസങ്ങള്‍ നേരിട്ടെങ്കിലും ഒരു ചെറിയ കാര്യത്തില്‍ പോലും ഞങ്ങള്‍ക്ക് കോമ്പ്രമൈസ് ചെയ്യേണ്ടി വന്നിട്ടില്ല. അതില്‍ ഒരുപാട് അഭിമാനമുണ്ട്. ആ സിനിമയുടെ ക്രൂ മെംബേഴ്‌സില്‍ ഒരാള്‍ പോലും അത് മതി എന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അതിലാണ് എനിക്ക് ഏറ്റവും അഭിമാനമുള്ളത്,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
Content Highlight: Prithviraj Sukumaran Talks About Aadujeevitham Shooting In Covid