|

എമ്പുരാന്റെ മേക്കിങ് എളുപ്പമായിരുന്നില്ല; 90 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു ഡോക്യുമെന്ററിയിറക്കും: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ആറ് വര്‍ഷത്തോളമായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായും മോഹന്‍ലാല്‍ ആയിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്.

ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളില്‍ വെച്ചായിരുന്നു ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നത്. ഇന്ത്യക്ക് അകത്ത് എട്ടോ ഒമ്പതോ വ്യത്യസ്തമായ സ്ഥലങ്ങളിലും നാലോ അഞ്ചോ രാജ്യങ്ങളിലുമായാണ് ഷൂട്ട് ചെയ്തത്.

ഇപ്പോള്‍ എമ്പുരാന്റെ മേക്കിങ്ങിനെ കുറിച്ച് പറയുന്ന 90 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയെ പറ്റി പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ബുക്ക് മൈ ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുപാട് ലൊക്കേഷനുകളിലായിട്ടാണ് എമ്പുരാന്റെ ഷൂട്ടിങ് നടന്നത്. എത്ര സ്ഥലങ്ങളില്‍ പോയിട്ടാണ് ഷൂട്ട് ചെയ്തതെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ മറുപടി പറയാന്‍ ആവില്ല.

കാരണം ഒരാള്‍ എമ്പുരാന്‍ കാണുന്നതിന് മുമ്പ് അറിയരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്ന ചില ലൊക്കേഷനുകളുണ്ട്. അവര്‍ എമ്പുരാന്‍ കണ്ടിട്ട് വേണം ആ ലൊക്കേഷനുകള്‍ മനസിലാക്കാന്‍.

ഞങ്ങള്‍ നാലോ അഞ്ചോ രാജ്യങ്ങളിലായിട്ടാണ് എമ്പുരാന്‍ ഷൂട്ട് ചെയ്തത്. ഇന്ത്യയ്ക്ക് അകത്ത് തന്നെ എട്ടോ ഒമ്പതോ വ്യത്യസ്തമായ സ്ഥലങ്ങളിലും ഷൂട്ടിങ് നടന്നിരുന്നു.

അത് ശരിക്കും ഈ സിനിമ സെറ്റ് ചെയ്യുന്നതില്‍ ഏറ്റവും ചാലഞ്ചിങ്ങായ കാര്യമായിരുന്നു. എനിക്ക് സ്റ്റുഡിയോയിലൊന്നും ചെയ്യാതെ റിയല്‍ ലൊക്കേഷനില്‍ തന്നെ ഈ സിനിമ മുഴുവന്‍ ഷൂട്ട് ചെയ്യണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ഞാനും എന്റെ ടീമും മാസങ്ങളോളം സിനിമയുടെ ഷൂട്ട് സെറ്റപ്പ് ചെയ്യാനായി കഷ്ടപ്പെട്ടിരുന്നു. ലൊക്കേഷന്‍ കണ്ടെത്താനായി ഒരുപാട് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്.

ഷൂട്ട് പ്ലാന്‍ ഡിസൈന്‍ ചെയ്യാന്‍ തന്നെ ഒരുപാട് സമയമെടുത്തിരുന്നു. അതിനൊക്കെ അത്രയേറെ കഷ്ടപ്പെട്ടിരുന്നു. ഞങ്ങള്‍ സത്യത്തില്‍ അതൊക്കെ ഷൂട്ട് ചെയ്തിട്ടുണ്ട്.

ഒരു അവസരം ലഭിക്കുകയാണെങ്കില്‍ സിനിമയുടെ മേക്കിങ്ങിനെക്കുറിച്ച് 90 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു ഡോക്യുമെന്ററി ഇറക്കും. കാരണം വരാനിരിക്കുന്ന ഒരുപാട് ഫിലിംമേക്കേഴ്‌സിന് അത് സഹായമാകും.

അവര്‍ക്ക് ആ ഡോക്യുമെന്ററി കണ്ട് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. അതിലൂടെ എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്ന കാര്യങ്ങളൊക്കെ മനസിലാക്കാന്‍ സാധിക്കും.

ഞങ്ങളുടെ മിസ്റ്റേക്കുകളും അതിലുണ്ട്. ഒരു വലിയ സിനിമ ചെയ്യുമ്പോള്‍ എന്തൊക്കെ ചെയ്യാമെന്നും ചെയ്യരുതെന്നും 90 മിനിട്ട് ഡോക്യുമെന്ററിയിലൂടെ മനസിലാക്കാന്‍ പറ്റുന്നത് വലിയ കാര്യമല്ലേ,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.


Content Highlight: Prithviraj Sukumaran Talks About 90 Minutes Documentry About Empuraan Making