| Friday, 22nd March 2024, 6:23 pm

 ആ കഥയ്ക്ക് ഹിന്ദിയിൽ ഇറങ്ങിയ ബജ്രംഗി ഭായിജാനുമായി സാമ്യം തോന്നി, ഒടുവിൽ ആ ചിത്രം വേണ്ടെന്ന് വെച്ചു: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡോ. ബിജുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വീട്ടിലേക്കുള്ള വഴി. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഡോ. ബിജുവിന്റെ തിരക്കഥകളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വീട്ടിലേക്കുള്ള വഴിയാണെന്നും അതൊരു യൂണിവേഴ്സൽ കഥയാണെന്നും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിൽ അഭിനയിച്ചപ്പോൾ താൻ പണം വാങ്ങിയില്ലെന്നും മറിച്ച് ചിത്രത്തിന്റെ ഹിന്ദി റൈറ്റ്സാണ് താൻ വാങ്ങിയതെന്നും പൃഥ്വി പറയുന്നു. ആദ്യമായി താൻ എഴുതാൻ ശ്രമിച്ച ഒരു തിരക്കഥ അതിന്റെതാണെന്നും എന്നാൽ ആ കഥയുമായി സാമ്യമുള്ള ഒരു ഹിന്ദി ചിത്രം ഇറങ്ങിയപ്പോൾ കഥ വേണ്ടെന്ന് വെച്ചെന്നും പൃഥ്വി കൂട്ടിച്ചേർത്തു.

‘വീട്ടിലേക്കുള്ള വഴി വലിയ സാധ്യതയുള്ള ഒരു സിനിമയായിട്ടാണ് എനിക്ക് തോന്നിയത്. വല്ലാത്ത ഒരു യൂണിവേഴ്സൽ കഥയായിട്ടാണ് എനിക്കതിനെ തോന്നിയത്. അദ്ദേഹത്തിന്റെ എല്ലാ സിനിമയും ഞാൻ കണ്ടിട്ടില്ല. എന്നാൽ ഡോ. ബിജുവിന്റെ ഏറ്റവും നല്ല സ്ക്രിപ്റ്റിൽ ഒന്നായിട്ടാണ് വീട്ടിലേക്കുള്ള വഴിയെ ഇപ്പോഴും ഞാൻ അഭിപ്രായപ്പെടുന്നത്. അന്ന് ആ സിനിമ ചെയ്യുമ്പോൾ നമുക്ക് ഒരുപാട് ശബളം ചോദിക്കാനും പറ്റില്ല. കാരണം അത് അങ്ങനെയൊരു സിനിമയാണല്ലോ.

അന്നെനിക്ക് തരാനുള്ള ചെറിയൊരു പൈസക്ക് പകരം ഞാൻ ചോദിച്ചത്, എനിക്കതിന്റെ ഒരു ഹിന്ദി റൈറ്റ്സ് തരാനായിരുന്നു. സത്യത്തിൽ ആദ്യമായി ഞാനൊരു സ്ക്രിപ്റ്റ് എഴുതാൻ ശ്രമിച്ചത് വീട്ടിലേക്കുള്ള വഴിയുടെ മറ്റൊരു വേർഷൻ ആയിരുന്നു. ഞാൻ അത് എഴുതിവെക്കുകയും ചെയ്തിരുന്നു. പിന്നീട് റിലീസായ ഒരു സിനിമയ്ക്ക് ഞാൻ എഴുതിവെച്ചതുമായി വല്ലാത്ത സാമ്യത ഉണ്ടായിപോയി. ബജ്രംഗി ഭായിജാൻ എന്നൊരു പടം വന്നിരിന്നു. അങ്ങനെ ആ സിനിമ വേണ്ടെന്ന് വെച്ചതായിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

താൻ അഭിനയിച്ച നയൻ എന്ന ചിത്രത്തെ കുറിച്ചും പൃഥ്വി സംസാരിച്ചു. ചിത്രം നിർമിക്കാൻ നിർമാതക്കളെ കിട്ടിയില്ലെന്നും ഒടുവിൽ തനിക്ക് ഇഷ്ടമുള്ള കഥയായതിനാൽ സ്വയം നിർമിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. ജെനൂസ് മുഹമ്മദ്‌ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ.

റിസ്ക് എടുക്കാൻ പറ്റുന്നത് കൊണ്ടാണ് എടുക്കുന്നത്. നയൻ എന്ന ചിത്രത്തിന് വേണ്ടി ഒരുപാട് നിർമാതാക്കളോട് സംസാരിച്ചിരുന്നു. ജെനൂസിനെ ഞാൻ തന്നെ ഒരുപാട് നിർമാതാക്കളുടെ അടുത്തേക്ക് അയച്ചിരുന്നു. എനിക്ക് നന്നായി ഇഷ്ടപ്പെട്ട ഒരു കഥയുണ്ട് ഒന്ന് കേൾക്കുമോയെന്ന് ചോദിച്ചിട്ട്.

അവരൊക്കെ തിരിച്ച് എന്നോട് ചോദിച്ചത് നമുക്കൊരു ആക്ഷൻ സിനിമ ചെയ്തൂടെ എന്നായിരുന്നു. അങ്ങനെയൊക്കെയാണ് ചോദ്യം വന്നത്. കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് തോന്നി എനിക്കിഷ്ടപ്പെട്ട ഒരു കഥയിൽ ഞാൻ താത്പര്യം കാണിച്ചില്ലെങ്കിൽ പിന്നെ അതിൽ എന്തർത്ഥമാണുള്ളത്.

വേറെ ഒരാളോട് നിങ്ങൾ ഇത് ചെയ്യൂവെന്ന് പറയുന്നതിൽ ഒരു കാര്യവുമില്ലല്ലോ. അങ്ങനെ തോന്നിയത് കൊണ്ടാണ് ഞാൻ നയൻ നിർമിക്കാൻ തീരുമാനിച്ചത്. അതിനുശേഷമാണ് ശരിക്കും സോണിയുമായിട്ടുള്ള കൂടിക്കാഴ്ച്ച സംഭവിക്കുന്നതും അവർ അതിലേക്ക് ഭാഗമാവുന്നതും,’പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj Sukumaran Talk About Veetilekulla Vazhi Movie

Latest Stories

We use cookies to give you the best possible experience. Learn more