2024 മലയാള സിനിമയെ സംബന്ധിച്ച് മികച്ച വർഷമാണ്. വ്യത്യസ്ത ഴോണറിൽ പെട്ട നിരവധി മികച്ച ചിത്രങ്ങളാണ് കുറഞ്ഞ മാസങ്ങൾ കൊണ്ട് മലയാളത്തിൽ റീലീസായത്.
എന്നാൽ പലപ്പോഴും സിനിമയുടെ ക്വാളിറ്റിയിലേക്ക് വരുമ്പോൾ തൊണ്ണൂറുകളിലെയും എൺപതുകളിലെയും മലയാള സിനിമകളെ വെച്ച് ഇന്നത്തെ ചിത്രങ്ങളെ താരതമ്യം ചെയ്യുന്നത് കാണാറുണ്ട്.
പത്മരാജൻ, ഭരതൻ, കെ. ജി. ജോർജ് തുടങ്ങിയ സംവിധായകരുടെ സിനിമകളുമായി ഇന്നത്തെ ചിത്രങ്ങൾ പിടിച്ചുനിൽക്കില്ല എന്നാണ് ചിലർ പറയുന്നത്. എന്നാൽ ആ അഭിപ്രായത്തിൽ താൻ വിശ്വസിക്കുന്നില്ല എന്നാണ് നടൻ പൃഥ്വിരാജ് പറയുന്നത്.
ഒരു സിനിമ എന്നത് വർത്തമാനകാല സമൂഹത്തിന്റെ പ്രതിഫലനമാണെന്നും ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയിലുള്ള കാര്യങ്ങളാകും സിനിമയിൽ ഉണ്ടാവുകയെന്നും പൃഥ്വിരാജ് പറഞ്ഞു. തന്റെ ചിത്രമായ സിറ്റി ഓഫ് ഗോഡ് ഇറങ്ങിയ സമയത്ത് തിയേറ്ററിൽ പരാജയപ്പെട്ടിരുന്നുവെന്നും എന്നാൽ എന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് അതെന്നും താരം പറഞ്ഞു. യെസ് എഡിറ്റോറിയലിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഞാനത് വിശ്വസിക്കാത്ത ഒരാളാണ്. കാരണം സിനിമ എപ്പോഴും വർത്തമാനകാല സമൂഹത്തിന്റെ ഒരു പ്രതിഫലനമാണ്. അന്നത്തെ സിനിമകൾ സംഭവിച്ചത് അന്നത്തെ സമൂഹം, അന്നത്തെ സാമൂഹിക വ്യവസ്ഥിതികൾ എന്നിവയിൽ നിന്നെല്ലാമാണ്.
അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമകൾ ഉണ്ടാവുന്നത്. ഇന്നത്തെ സാഹചര്യങ്ങളാണ് പുതിയ സിനിമകളെ മോട്ടിവേറ്റ് ചെയ്യേണ്ടത്. പഴയകാല സിനിമകൾ നമുക്ക് ഇൻസ്‌പറേഷനാക്കാം.
ഇത് പുതിയ കാര്യമൊന്നുമല്ല. എന്റെ തന്നെ കരിയറിൽ തന്നെ സംഭവിച്ചിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സിറ്റി ഓഫ് ഗോഡ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം അന്ന് ബോക്സ് ഓഫീസിൽ പരാജയപ്പെട്ട ചിത്രമാണ്.
പക്ഷെ ഞാൻ ഇപ്പോഴും വ്യക്തിപരമായി എന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായാണ് അതിനെ കാണുന്നത്. അത് എപ്പോഴും സംഭവിക്കും,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Sukumaran Talk About City Of God MOVIE