Entertainment
ലൂസിഫറിന്റെ തെലുങ്ക് റീമേക്കടക്കം രണ്ട് ചിത്രങ്ങളാണ് ആ സൂപ്പർസ്റ്റാറിനൊപ്പം എനിക്ക് നഷ്ടമായത്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 01, 03:26 am
Monday, 1st April 2024, 8:56 am

ആടുജീവിതം തിയേറ്റുകളിൽ തകർത്തോടുകയാണ്. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ബ്ലെസിയും പൃഥ്വിരാജും ചിത്രം തിയേറ്ററിൽ എത്തിച്ചത്.

ആടുജീവിതം കമ്മിറ്റ് ചെയ്തതിനിടയിൽ തെലുങ്ക് നടൻ ചിരഞ്ജീവിയെ കണ്ട അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്. ചിരഞ്ജീവിയോടൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടമായതിനെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ്.

ചിരഞ്ജീവിയുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും ആടുജീവിതം കാരണം നടന്നില്ലെന്നും, പിന്നീട് ലൂസിഫര്‍ തെലുങ്കിലേക്ക് സംവിധാനം ചെയ്യാന്‍ ചിരഞ്ജീവി ക്ഷണിച്ചപ്പോഴും ആടുജീവിതത്തിന്റെ തിരക്കിലായിരുന്നെന്നും താരം പറഞ്ഞു. ബിഹൈൻഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.

‘2015-2016 സമയത്ത് ചിരഞ്ജീവി പുള്ളിയുടെ പുതിയ പടമായ സൈറാ നരസിംഹ റെഡ്ഡിയിലേക്ക് എന്നെ ഒരു പ്രധാന കഥാപാത്രമായി വിളിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, സോറി സാര്‍, ഇപ്പോള്‍ ഒരു സിനിമ കമ്മിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരുപാട് വലിയ പ്രൊസസ്സാണ് അത്. താടി വളര്‍ത്തുകയും വെയിറ്റ് കുറക്കുകയുമൊക്കെ വേണം. അപ്പോള്‍ രണ്ട് സിനിമയും ഒരേ സമയം ചെയ്തു തീര്‍ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. അദ്ദേഹം ഓകെ പറഞ്ഞു.

പിന്നീട് മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ സൈറ റിലീസിന് തയാറായി. അതിന്റെ പ്രൊമോഷന്റെ ഭാഗമായി അവര്‍ കൊച്ചിയില്‍ വന്നപ്പോള്‍ ഞാനായിരുന്നു ആ പരിപാടിയുടെ ഗസ്റ്റ്. അന്ന് ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ ലൂസിഫര്‍ ഹിറ്റായിരിക്കുന്ന സമയമായിരുന്നു. ആ ചടങ്ങില്‍ വെച്ച് ചിരജ്ഞീവി സാര്‍, ലൂസിഫര്‍ തെലുങ്കില്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്നോട് അത് സംവിധാനം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു.

അപ്പോഴും ഞാന്‍ പറഞ്ഞത്, സാര്‍, ഞാന്‍ ഇതുപോലെ വലിയൊരു സിനിമ കമ്മിറ്റ് ചെയ്തിരിക്കുകയാണ്. വളരെ വലിയൊരു പ്രൊസസ്സാണത് എപ്പോള്‍ തീരുമെന്ന് പറയാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. ‘ഇത് അന്നു പറഞ്ഞ അതേ സിനിമയല്ലേ? ഇത്രയും കാലമായിട്ടും ഇത് തീര്‍ന്നില്ലേ എന്ന് തമാശരൂപത്തില്‍ അദ്ദേഹം ചോദിച്ചു,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj Sukumaran Talk About Chiranjeevi