നടൻ സുകുമാരന്റെ മകൻ എന്ന ലേബലിൽ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് പൃഥ്വിരാജ് സുകുമാരൻ.
രഞ്ജിത്ത് ഒരുക്കിയ നന്ദനം എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച പൃഥ്വിരാജ് തുടക്കകാലത്ത് തന്നെ മലയാളത്തിലെ മുൻനിര സംവിധായകരോടൊപ്പം സിനിമകൾ ചെയ്തിട്ടുണ്ട്.
ലോഹിതാദാസിനൊപ്പം ചക്രം ചെയ്യുമ്പോൾ താരത്തിന്റെ പ്രായം വെറും 22 ആണ്. കമലിന്റെ കൂടെ സ്വപ്നകൂട്, ശ്യാമപ്രസാദിന്റെ കൂടെ അകലെ, ഭദ്രന്റെ കൂടെ വെള്ളിത്തിര തുടങ്ങി ആരംഭത്തിൽ തന്നെ വേറിട്ട സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ലോഹിതാദാസിന്റെ ചക്രം സിനിമയിലൊക്കെ താൻ എന്താണെങ്കിലും അഭിനയിക്കുമെന്നും ഭദ്രൻ, കമൽ പോലെ വലിയ സംവിധായകർ വിളിച്ചാൽ താൻ കഥ പോലും നോക്കാതെ അഭിനയിക്കുമെന്നും പൃഥ്വി പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.
‘ചക്രമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം, എന്റെ കരിയറിന്റെ ആ ഘട്ടത്തിൽ ലോഹിതദാസ് എന്ന് പറയുന്ന ജീനിയസ് ഒരു സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്നു. അതിനി ചക്രമല്ല എന്താണെങ്കിലും ഞാൻ ചെയ്യും.
ഭദ്രൻ സാർ എന്നെ ഒരു സിനിമയിൽ അഭിനയിക്കാൻ വിളിച്ചു. എന്നോട് കഥയൊക്കെ പറഞ്ഞു. എന്നാൽ കഥയൊന്നും പറഞ്ഞില്ലെങ്കിൽ പോലും ഞാൻ ചെയ്യുന്നുവെന്ന് തീരുമാനിച്ചു കഴിഞ്ഞു. കാരണം എനിക്കെന്തൊരു എക്സ്പീരിയൻസാണ് അതെല്ലാം.
ലോഹി സാറിന്റെ കൂടെയും ഭദ്രൻ സാറിന്റെ കൂടെയും കമൽ സാറിന്റെ കൂടെയുമെല്ലാം വർക്ക് ചെയ്തതാണ് എന്റെ കരിയറിന്റെ തുടക്കത്തിലെ ഏറ്റവും വലിയ കാര്യം. രഞ്ജിയേട്ടനാണ് എന്നെ ഇവിടെ പരിചയപ്പെടുത്തിയത്. അന്നൊന്നും ഇത് വലിയ തീരുമാനമൊന്നുമല്ല. ഭാഗ്യം മാത്രമാണ്. അല്ലാതെ വേറെയൊന്നുമല്ല,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Sukumaran Talk About Chakram Movie