പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി വന്ന 2019 ലെ ഹിറ്റ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് റിലീസിനടുക്കുകയാണ്. സെല്‍ഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജ് മെഹ്ത്തയാണ് സംവിധാനം.
ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറുമായുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സെല്‍ഫിയുടെ സഹ നിര്‍മാതാവ് കൂടിയായ പൃഥ്വിരാജ്.
സൗത്ത് സിനിമ, നോര്‍ത്ത് സിനിമ എന്ന ലേബലില്ലാതെ ഇന്ത്യന്‍ സിനിമ വ്യവസായം മാറുന്ന കാലം വരുമെന്നും, അന്ന് മികച്ച സിനിമകള്‍ ഇവിടെ നിര്‍മിക്കപ്പെടുമെന്ന് കരണ്‍ പറഞ്ഞതായും പൃഥ്വിരാജ് പറഞ്ഞു. സൗത്ത് സിനിമയും, നോര്‍ത്ത് സിനിമയും തമ്മിലുള്ള അന്തരത്തെക്കുറിച്ച് സദസില്‍ നിന്നും ഉയര്‍ന്ന് വന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘നമ്മുടെ സിനിമാ വ്യവസായം പാടെ മാറി കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. 2012 ലാണെന്ന് തോന്നുന്നു, കരണ്‍ ജോഹര്‍ അദ്ദേഹത്തിന്റെ ബോംബേ ടാക്കീസില്‍ എനിക്ക് ചെറിയൊരു വേഷം ഓഫര്‍ ചെയ്തിരുന്നു. പക്ഷ അന്ന് അതെനിക്ക് ചെയ്യാനായില്ല.
പിന്നീട് ഞാന്‍ ബോംബെയില്‍ വന്നപ്പോള്‍ ഞാന്‍ ധര്‍മ്മയുടെ ഓഫീസില്‍ പോയിരുന്നു. അന്ന് ഞങ്ങള്‍ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നു.
വളരെ വെകാതെ തന്നെ നമ്മുടെ സിനിമാ വ്യവസായം ഭാഷകളുടെ അതിരുകള്‍ക്കപ്പുറം യോജിക്കും. അന്ന് സൗത്ത് ഫിലിം, നോര്‍ത്ത് ഫിലിം എന്ന വ്യത്യാസം ഇല്ലാതെ ഒരൊറ്റ ഇന്ത്യന്‍ സിനിമയെന്ന ലേബലില്‍ ചിത്രങ്ങള്‍ നിര്‍മിക്കപ്പെടാന്‍ തുടങ്ങും. വളരെ വൈകാതെ തന്നെ അത് നടക്കുമെന്നും കരണ്‍ പറഞ്ഞിരുന്നു.
ആ രീതിയിലേക്ക് പൂര്‍ണമായും കാര്യങ്ങള്‍ എത്തിയോ എന്ന് എനിക്കറിയില്ല. എങ്കിലും വളരെ വൈകാതെ തന്നെ ഇന്ത്യന്‍ സിനിമയെ കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുന്ന കാലം വരും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അന്ന് നമുക്ക് ലോക സിനിമാ വ്യവസായത്തില്‍ തന്നെ വളരെ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞേക്കും.
ധര്‍മ്മയുമായി ചേര്‍ന്ന് കൂടുതല്‍ കണ്ടന്റുകള്‍ നിര്‍മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അത് കേവലം ഹിന്ദി കണ്ടന്റുകളോ, മലയാളം കണ്ടന്റുകളോ
മാത്രമാവണമന്നില്ല. ഏത് ഭാഷയിലുമുള്ള മികച്ച ചിത്രങ്ങളും വിതരണത്തിനെത്തിക്കാനാണ് ആഗ്രഹം,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: prithviraj sukumaran speech in selfie film promotion