| Wednesday, 1st April 2020, 3:07 pm

മടങ്ങിവരാന്‍ കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ പോലെ ഞങ്ങളും ആ സമയത്തിനായി കാത്തിരിക്കുന്നു; ജോര്‍ദാനില്‍ നിന്നും പൃഥ്വിരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ജോര്‍ദാനില്‍ കുടുങ്ങി കിടക്കുകയാണ് പൃഥ്വിരാജും സംവിധായകന്‍ ബ്ലെസ്സിയുമടക്കം 58 അംഗ സംഘം. എല്ലാവരെയും പോലെ ഞങ്ങളും ഇന്ത്യയിലേക്ക് എത്താന്‍ കാത്തിരിക്കുന്നുവെന്ന് പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് താരം. ഏപ്രില്‍ പകുതി വരെയുള്ള ഭക്ഷണ സാധനങ്ങള്‍ ഉണ്ടെന്നും അത് കഴിഞ്ഞാല്‍ എന്താകുമെന്ന് അറിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഈ ബുദ്ധിമുട്ടേറിയ കാലത്ത് എല്ലാവരും സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.

വാദി റc എന്ന സ്ഥലത്താണ് ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്നതെന്നും നിലവില്‍ ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുന്ന സ്ഥിതിയാണെന്നും പോസ്റ്റില്‍ വിശദീകരിക്കുന്നു.

നാട്ടിലേക്കെത്താന്‍ സഹായമഭ്യര്‍ത്ഥിച്ച് സംവിധായകന്‍ ബ്ലെസ്സി ഫിലിം ചേംബറിന് കത്തയച്ചതിന് പിന്നാലെയാണ് പൃഥ്വിരാജിന്റെ പോസ്റ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൃഥ്വിരാജിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

എല്ലാവര്‍ക്കും നമസ്‌കാരം, ഏറെ ബുദ്ധിമുട്ടേറിയ ഈ സമയത്ത് എല്ലാവരും സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 24ന് ജോര്‍ദാനില്‍ പുരോഗമിച്ചു കൊണ്ടിരുന്ന ആടുജീവിതം സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

നേരത്തെ ഞങ്ങളുടെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം, വാഡി റം മരുഭൂമിയിലുള്ള ഞങ്ങളുടെ ഷൂട്ടിങ്ങ് യൂണിറ്റ് സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികാരികള്‍ക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങളോട് ചിത്രീകരണവുമായി മുന്നോട്ട് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ, പെട്ടെന്നു തന്നെ ജോര്‍ദാനിലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും മുന്‍കരുതല്‍ എന്ന വണ്ണം ഞങ്ങളുടെ ചിത്രീകരണത്തിനുള്ള അനുമതി മാര്‍ച്ച് 27ന് പിന്‍വലിക്കുകയും ചെയ്തു. അതേതുടര്‍ന്ന് ഞങ്ങളുടെ ടീം ഇപ്പോള്‍ വാദിറമിലെ മരുഭൂമിയില്‍ താമസിക്കുകയാണ്.

ഇപ്പോഴത്തെ അവസ്ഥയില്‍ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ ഉടനടി അനുമതി ലഭിക്കില്ലെന്ന് ഞങ്ങളോട് വ്യക്തമാക്കി.

അതിനാല്‍ ലഭ്യമായ ആദ്യത്തെ അവസരത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുകയെന്നതാണ് ഞങ്ങളുടെ മുന്നിലുള്ള മാര്‍ഗ്ഗമെന്ന് ഇതിനോടകം അറിയിപ്പ ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ രണ്ടാം വാരം വരെ വാദി റമില്‍ താമസിക്കാനും ചിത്രീകരണം പൂര്‍ത്തിയാക്കാനുമാണ് തീരുമാനിച്ചിരുന്നത് എന്നതിനാല്‍ ഞങ്ങളുടെ താമസവും ഭക്ഷണവും സാധനങ്ങളും അതുവരെ സുരക്ഷിതമാണ്.

എന്നാല്‍ അതിന് ശേഷം എന്തു സംഭവിക്കുമെന്നതിനെ സംബന്ധിച്ച് വിവരമില്ല. എല്ലാ 72 മണിക്കൂറിലും ഞങ്ങളുടെ ആരോഗ്യ നില പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. കൂടാതെ സര്‍ക്കാര്‍ നിയോഗിച്ച ജോര്‍ദാനിയന്‍ ഡോക്ടര്‍ ഇടയ്ക്കിടെ ഇവിടെയെത്തി പരിശോധന നടത്തി മടങ്ങും.

ലോകമെമ്പാടുമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഞങ്ങളെ തിരിച്ച് നാട്ടിലെത്തിക്കുകയായിരിക്കില്ല അധികാരികളുടെ മുന്‍ഗണനയെന്ന കാര്യം ഞങ്ങള്‍ക്കറിയാം. പക്ഷെ കാര്യങ്ങള്‍ അറിയിക്കേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നു.

ഇവിടെ നാട്ടിലേക്ക് തിരിച്ചു വരാന്‍ ഊഴം കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ പോലെ കൃത്യമായ സമയം വരാന്‍ ഞങ്ങളും കാത്തിരിക്കുകയാണ്. ഞങ്ങള്‍ എത്തുമെന്നും ഞങ്ങള്‍ക്കറിയാം. ഒപ്പം എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാര്യങ്ങള്‍ ഉടന്‍ തന്നെ സാധാരണ നിലയിലാകുമെന്ന് നമുക്ക് എല്ലാവര്‍ക്കും പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

We use cookies to give you the best possible experience. Learn more