പുതിയ ചിത്രമായ കോള്‍ഡ് കേസിലെ രസകരമായ അനുഭവം പങ്കുവെച്ച് പൃഥ്വിരാജ്. പാരാ നോര്‍മല്‍ ആക്ടിവിറ്റീസ് പ്രമേയമായി വരുന്ന ചിത്രങ്ങളില്‍ അഭിനയിച്ചവരും മറ്റു അണിയറ പ്രവര്‍ത്തകരും ഷൂട്ടിംഗ് സമയത്തുണ്ടായ വിചിത്രമായ ഉത്തരം കിട്ടാത്ത ചില സംഭവങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഇത്തരത്തിലുള്ള എന്തെങ്കിലും അനുഭവങ്ങള്‍ കോള്‍ഡ് കേസ് ഷൂട്ടിംഗ് സമയത്തുണ്ടായോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്.
‘കോള്‍ഡ് കേസില്‍ രാത്രിയില്‍ ഒരുപാട് ഷൂട്ടുകള്‍ ഉണ്ടായിരുന്നു. ആ സമയത്തെല്ലാം അവിടെ മുഴുവന്‍ വെള്ള വസ്ത്രവും ധരിച്ച ഒരാള്‍ നടക്കുന്നത് കാണാമായിരുന്നു. ഇതിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ് ആയിരുന്നു അത്. മൂപ്പര് ഫുള്‍ ടൈം വൈറ്റാണ്,’ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.
താന്‍ പ്രേതങ്ങളില്‍ വിശ്വാസമില്ലാത്തയാളാണെന്നും പൃഥ്വിരാജ് പറഞ്ഞു. ഞാന്‍ അന്ധവിശ്വാസമുള്ളയാളല്ല. അതുപോലെ തന്നെ സൂപ്പര്‍ നാച്ചുറല്‍ കാര്യങ്ങളിലും പാരാ നോര്‍മല്‍ ആക്ടിവിറ്റികളിലും വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അത്തരം കഥകള്‍ വായിക്കാനും സിനിമ കാണാനും തനിക്ക് ഇഷ്ടമാണെന്നും അവയെല്ലാം നന്നായി ആസ്വദിക്കാറുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
ഒരിടവേളക്ക് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തുന്ന ചിത്രമാണ് കോള്‍ഡ് കേസ്. ആമസോണ്‍ പ്രൈമിലൂടെ ജൂണ്‍ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും പുറത്തിറങ്ങിയിരുന്നു.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. അരുവി ഫെയിം അഥിതി ബാലനാണ് ചിത്രത്തിലെ നായിക. അതിഥിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്.
പ്ലാന്‍ ജെ സിനിമയുടെ ബാനറില്‍ ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നേരത്തെ ആന്റോ ജോസഫ് നിര്‍മ്മിച്ച മാലിക് എന്ന ചിത്രവും ഒ.ടി.ടി. റിലീസ് ആയിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.